Russia Ukraine Crisis : ബൈഡൻ പോളണ്ടിലേക്ക്; നാറ്റോ രാജ്യങ്ങളിലൂടെ യുക്രൈനിലേക്ക് കൂടുതൽ സഹായം ഒഴുകുമോ?
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കുള്ള ബൈഡന്റെ സന്ദർശനം ഏറെ നിർണായകമാണ്. എന്നാൽ യുക്രൈൻ സന്ദർശിക്കാൻ ബൈഡന് പദ്ധതിയില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.
വാഷിങ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈയാഴ്‌ച പോളണ്ട് സന്ദർശിക്കും. റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരു മാസം പിന്നിടാറാകുമ്പോഴാണ് ബൈഡന്റെ നിർണായക സന്ദർശനം. ബൈഡന്റെ സന്ദർശനം യുഎസ് പ്രസ് സെക്രട്ടറി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
ആദ്യം ബ്രസൽസിലെത്തുന്ന ബൈഡൻ അവിടെ നിന്നാകും പോളണ്ടിലേക്ക് പോകുക. നിലവിലെ സാഹചര്യത്തിൽ യുക്രൈനുമായി അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിൽ പോളണ്ട് സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പോളണ്ടിലേക്കുള്ള സന്ദർശനത്തിന് മുമ്പ് യൂറോപ്യൻ യൂണിയൻ നേതാക്കൻമാരുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കുള്ള ബൈഡന്റെ സന്ദർശനം ഏറെ നിർണായകമാണ്.
എന്നാൽ യുക്രൈൻ സന്ദർശിക്കാൻ ബൈഡന് പദ്ധതിയില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം ആദ്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിക്കൺ പോളണ്ടിൽ സന്ദർശനം നടത്തിയിരുന്നു. യുക്രൈനിലേക്ക് റഷ്യൻ അധിനിവേശം നടന്നതിന് തൊട്ടുപിന്നാലെയാണ് ബ്ലിക്കന്റെ സന്ദർശനം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി ബൈഡൻ ആശയവിനിമയം നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ALSO READ : സെലെൻസ്‌കിക്ക് സമാധാനത്തിനുള്ള നോബേൽ നൽകണം; ആവശ്യവുമായി രാഷ്ട്രീയ നേതാക്കൾ
നാറ്റോ സഖ്യത്തിൽ അംഗമാണ് പോളണ്ട്. ഇതിനാൽ നാറ്റോ വഴി യുക്രൈന് സഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ ബൈഡന്റെ സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ഉറപ്പ്. യുക്രൈന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം നൽകണമെങ്കിൽ അതിന് പോളണ്ടിന്റെ സഹകരണം ഏറെ മുഖ്യമാണ്. നാറ്റോ അംഗരാജ്യമായതിനാൽ മറ്റ് രാജ്യങ്ങൾക്കും പോളണ്ടിലേക്ക് സൈന്യത്തെ ഉൾപ്പെടെ എത്തിക്കാമെന്നതും നേട്ടമാകും.
അതേസമയം പോളണ്ടിലേക്കുള്ള ബൈഡന്റെ വരവിനെ റഷ്യ ഏറെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. യുക്രൈന് സഹായം നൽകുന്നതിന് പോളണ്ടിനെ മറ്റു രാജ്യങ്ങൾ താവളമാക്കിയാൽ അവരെ ആക്രമിക്കാൻ റഷ്യക്ക് സാധിക്കില്ല. നാറ്റോ അംഗരാജ്യമായതിനാൽ തന്നെ പോളണ്ടിനെ നേരെ റഷ്യ ആക്രമണം നടത്തിയാൽ നാറ്റോ സഖ്യരാജ്യങ്ങൾ അതിനെ ശക്തമായി പ്രതിരോധിക്കും. നിലവിലെ യുദ്ധ സാഹചര്യം കൂടുതൽ സംഘർഷത്തിലേക്ക് വഴിതിരിയുമോ എന്നത് ബൈഡന്റെ സന്ദർശനത്തിൽ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക