കഴിഞ്ഞ ദിവസം ധാക്കയിലെ റസ്റ്റോറന്റിൽ നിരവധി പേരെ ബന്ദികളാക്കുകയും 23 പേരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളുടെ ഫോട്ടോ സർക്കാർ പുറത്തുവിട്ടു. ആക്രമണം നടത്തിയ മൂന്നു യുവാക്കളും ബംഗ്ലാദേശികളാണ്.  രൊഹാൻ ഇബ്‌ന് ഇംതിയാസ്, ഷമിം മുബഷിർ, നിബ്രാസ് ഇസ്ലാം എന്നിവരാണ് ഈ മൂന്നുപേര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതില്‍  രൊഹാൻ ഇബ്‌ന് ഇംതിയാസ്  ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്‍റെ മകനാണ്.  രൊഹാനും ഷമിമും ബംഗ്ലാദേശിലെ ഏറ്റവും ഉന്നതമായ ഒരു സ്‌കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. നിബ്രാസ് ഇസ്ലാം ടർകിഷ് ഹോപ്‌സ് സ്‌കൂളിലും മലേഷ്യയിലെ മോനാഷ് സർവകലാശാലയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.


എസ്.എം ഇംതിയാസ് ഖാൻ ബാബുൽ അവാമി ലീഗ് ധാക്ക സിറ്റി ഘടകം നേതാവും ബംഗ്ലാദേശ് ഒളിംപിക് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ്.  ജനുവരി 4 മുതൽ തന്‍റെ മകനായ രൊഹനെ   കാണാനില്ലെന്നു കാണിച്ച് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐഎസ് അല്ല, ബംഗ്ലാദേശിലെ തന്നെ തീവ്രവാദി സംഘടനയായ ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് ആണ് ഇതിനു പിന്നിലെന്ന് ബംഗ്ലാദേശ് സർക്കാർ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇപ്പോള്‍ അക്രമികളുടെ ഫോട്ടോയും പേരു വിവരങ്ങളും സർക്കാർ പുറത്തുവിട്ടത്. ഇവര്‍ക്ക് സഹായം ലഭിച്ചത് ഐഎസ്‌ഐയില്‍ നിന്നാണെന്ന് ബംഗ്ലാദേശ് സർക്കാർ ആരോപിച്ചു.