ബ്രസീലിയ: ബ്രസീലിൽ കോൺഗ്രസ് ആസ്ഥാനത്തേക്കും പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്കും സുപ്രീം കോടതിയിലേക്കും ഇരച്ചുകയറി ആക്രമണം നടത്തി മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ അനുയായികൾ. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തീവ്ര വലതുപക്ഷ അനുയായികൾ നടത്തിയ ആക്രമണത്തെ ഫാസിസ്റ്റ് ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. ലുല ഡ സിൽവ ആക്രമണത്തെ അപലപിച്ചു. ബ്രസീൽ പതാകയുടെ നിറങ്ങളായ പച്ചയും മഞ്ഞയും വസ്ത്രം ധരിച്ച പ്രതിഷേധക്കാർ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. കോൺഗ്രസിന്റെ ഉള്ളിലേക്കും അതിക്രമിച്ച് കയറി. സുപ്രീം കോടതി ആസ്ഥാനത്തും ആക്രമണം അഴിച്ചുവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അതേ മാതൃകയിലായിരുന്നു ബ്രസീലിലെ അതിക്രമവും. തെക്ക് കിഴക്കൻ നഗരമായ അരരാക്വറയിൽ കടുത്ത വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദർശിക്കാനെത്തിയ ലുല, തലസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ തന്റെ സർക്കാരിന് പ്രത്യേക അധികാരം നൽകിക്കൊണ്ട് ബ്രസീലിയയിൽ ഫെഡറൽ ഇടപെടൽ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവച്ചു.


ALSO READ: 2.5 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടിച്ചത് യുഎസ്സിന്റെ നിർദേശപ്രകാരം: വെളിപ്പെടുത്തലുമായി മസ്ക്


"രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണ് ഈ ഫാസിസ്റ്റ് ഭ്രാന്തന്മാർ ചെയ്തത്," ലുല പറഞ്ഞു. ബ്രസീലിൽ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബോൾസോനാരോയെ തോൽപ്പിച്ച ലുല ഒരാഴ്ച മുമ്പാണ് അധികാരമേറ്റത്. മുതിർന്ന ഇടതുപക്ഷ നേതാവായ ലുലയ്ക്ക് 77 വയസ്സാണ്. “ഈ ആക്രമണത്തിൽ ഉൾപ്പെട്ടവർ ആരാണെന്ന് കണ്ടെത്തും, അവർക്കെതിരെ നിയമത്തിന്റെ മുഴുവൻ ശക്തിയും ഉപയോ​ഗിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്‌ടോബർ മുപ്പതിന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ബൊൽസൊനാരോയെ പരാജയപ്പെടുത്തിയതു മുതൽ ലുലയെ അധികാരത്തിലേറുന്നത് തടയാൻ സൈനിക ഇടപെടൽ ആവശ്യപ്പെട്ട് ബോൾസോനാരോ അനുകൂലികൾ ബ്രസീലിലെ സൈനിക താവളങ്ങൾക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു.


സൈന്യത്തോടുള്ള അഭ്യർത്ഥനയുള്ള ഒരു ബാനർ ഉയർത്താൻ പ്രതിഷേധക്കാർ കോൺ​ഗ്രസ് മന്ദിരത്തിന് മുകളിലേക്ക് അതിക്രമിച്ച് കടന്നു. കലാപകാരികൾ വാതിലുകളും ജനലുകളും തകർത്ത് കോൺഗ്രസ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതും പിന്നീട് കൂട്ടത്തോടെ അകത്ത് അതിക്രമം നടത്തുന്നതും നിയമസഭാംഗങ്ങളുടെ ഓഫീസുകൾ നശിപ്പിക്കുന്നതും നിയമസഭാ സാമാജികരെ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നാഷണൽ കോൺഗ്രസിന്റെയും പ്ലാനാൽറ്റോയുടെയും സുപ്രീം കോടതിയുടെയും ആസ്ഥാനമായ ബ്രസീലിയയുടെ ത്രീ പവർ സ്‌ക്വയറിന് ചുറ്റും സുരക്ഷാ വലയം സ്ഥാപിച്ച പോലീസ്, കലാപകാരികളെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഫലം കണ്ടില്ല.


ALSO READ: Amazon Layoff: ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി സിഇഒ


അധിനിവേശത്തെ ചെറുക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, സുരക്ഷാ സേന കലാപത്തെ നേരിടാൻ കൂടുതൽ പോലീസിനെ നിയോ​ഗിച്ചു. പത്രപ്രവർത്തകരെയും കലാപകാരികൾ ആക്രമിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുകയാണെന്നും പ്രതിഷേധക്കാരിയായ സാറ ലിമ എഎഫ്‌പിയോട് പറഞ്ഞു. ബ്രസീലിലെ ജനാധിപത്യത്തെ തുരങ്കം വയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും അപലപിക്കുന്നതായി യുഎസ് പറഞ്ഞു, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബ്രസീലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ വ്യക്തമാക്കി.


യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ആക്രമണത്തെ അപലപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബ്രസീലിന്റെ സ്ഥാപനങ്ങളെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുകയും ലുലയ്ക്ക് ഫ്രാൻസിന്റെ അചഞ്ചലമായ പിന്തുണ അറിയിക്കുകയും ചെയ്തു. ചിലിയുടെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് കലാപത്തെ "ജനാധിപത്യത്തിനെതിരായ ഭീരുത്വും നീചവുമായ ആക്രമണം" എന്നാണ് വിശേഷിപ്പിച്ചത്. കൊളംബിയയുടെ ഗുസ്താവോ പെട്രോ "ഫാസിസം ഒരു പ്രഹരമേൽപ്പിക്കാൻ തീരുമാനിച്ചു" എന്ന് ട്വീറ്റ് ചെയ്തു, മെക്സിക്കൻ വിദേശകാര്യ മന്ത്രി മാർസെലോ എബ്രാർഡ് ലുലയ്ക്ക് രാജ്യത്തിന്റെ പൂർണ്ണ പിന്തുണ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.