കാലിഫോർണിയ: കാലിഫോർണിയയിൽ കാട്ടുതീ പടർന്ന്പിടിച്ച് 10 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റ് ചികിത്സയിലാണ്.  നാപ, സനോമ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ ചികിത്സിക്കുന്നത്. നിരവധി വീടുകളും വാണിജ്യ സ്ഥാപനങ്ങളും കത്തിനശിച്ചു. 1500 കെട്ടിടങ്ങള്‍ കത്തി നശിച്ചു കൂടാതെ 57000 ഏക്കർ വനം കത്തി നശിച്ചതായാണ്  റിപ്പോർട്ട്. അപകട സാധ്യത കണക്കിലെടുത്ത് ഇരുപതിനായിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.


ഞായറാഴ്ച രാത്രിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 5000 ഏക്കറോളം മുന്തിരിത്തോട്ടം കത്തി നശിച്ചു.  വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്. നാപയും സനോമയും ഉള്‍പ്പെടെ എട്ട് കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചതായി സനോമ കൗണ്ടി ഷെരീഫ് റോബ് ഗിയോര്‍ദാനോ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ വൈന്‍ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും തീ പിടിത്തത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഈ കാട്ടു തീ എവിടെനിന്നാണ് ആരംഭിച്ചതെന്നതിന് ഇതുവരെ ഒരു വ്യക്തതയുമില്ല. കാട്ടു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.