ഭൂമിയിൽ ജീവൻ നില നിൽക്കുന്നതിന് അവശ്യ ഘടകങ്ങളിൽ ഒന്നാണ് ജലം. ജലമില്ലാതെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല എന്നതാണ് വാസ്തവം. എന്നാൽ ഭൂമിയിലെ ശുദ്ധ ജലത്തിൻറെ അളവ് വലിയ രീതിയിൽ കുറയുന്നതായാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അന്തരീക്ഷത്തിൽ നിന്ന് ഭൂമിയിലേക്കും തിരിച്ചുമുള്ള ജലചംക്രമണത്തിൻറെ തോതിൽ വലിയ അളവിൽ മാറ്റങ്ങൾ വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമിയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായാണ് ജലചംക്രമണത്തിൻറെ ഈ മാറ്റം അനുഭവപ്പെടുന്നതെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ വരണ്ട പ്രദേശങ്ങൾ കൂടുതൽ വരണ്ടതായും വലിയ തോതിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ മഴയുടെ ശക്തി വ‍ർദ്ധിക്കുന്ന രീതിയുമാണ് കണ്ടു വരുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ മാറ്റം ഒറ്റപ്പെട്ട പ്രതിഭാസമല്ല. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളുടെ തുടർച്ചയാണ് ഈ മാറ്റങ്ങളും എന്നാണ് വിലയിരുത്തപ്പെടുന്നത്.  ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഈ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.


ഭൂമിയിലെ ജലചംക്രമണത്തിൽ പ്രകടമാകുന്ന മാറ്റങ്ങളുടെ ഫലമാണ് കഴിഞ്ഞ കുറച്ചു കാലമായി ഭൂമിയിലെ വിവിധയിടങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവിൽ വരുന്ന മാറ്റങ്ങൾക്കും കാരണമാകുന്നത്. ഇതു മൂലം വരണ്ട പ്രദേശങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്ന ശുദ്ധ ജലത്തിന്റെ സാന്നിധ്യം മഴ കൂടുതലുള്ള മേഖലകളിൽ കേന്ദ്രീകരിക്കപ്പെടും. ഇത്തരത്തലുള്ള അസന്തുലിതാവസ്ഥ വലിയ രീതിയുള്ള പ്രത്യാഘാതങ്ങൾക്കാകും കാരണമാകുന്നത്. അതായത് വരണ്ട മേഖലകളിൽ വരൾച്ച രൂക്ഷമാകുമ്പോൾ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക കെടുതികൾക്കും ഇത് വഴിയൊരുക്കും.


അടുത്ത കാലത്തായി കേരളത്തിൽ പൊതുവേ ഇത്തരത്തിലുള്ള സങ്കീർണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല താരതമ്യേന വരണ്ട ഭൂഖണ്ഡങ്ങൾ, പടിഞ്ഞാറൻ പ്രദേശങ്ങൾ, മരുപ്രദേശം എന്നിങ്ങനെ വരണ്ട പ്രദേശങ്ങളിലും വരൾച്ച കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.  എന്നാൽ താരതമ്യേന മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളായ മുംബൈ, ചെന്നൈ, കേരളം പോലുള്ള സ്ഥലങ്ങൾ കടുത്ത പ്രളയക്കെടുതികൾക്കാകും ഇരയാകേണ്ടി വരുന്നത്. കാലചംക്രമണത്തിലുണ്ടാകുന്ന വ്യതിയാനത്തിന്റെ ഫലമായി  ഭൂമിയിലെ വിവിധ മേഖലകളിൽ ലഭിക്കുന്ന ജലത്തിൻറെ അളവിൽ  മാറ്റം ഉണ്ടാകുന്നുവെന്നത് വ്യക്തമാണ്. എന്നാൽ, ഈ മാറ്റത്തിൻറെ വേഗം അളക്കുക എന്നതാണ്  ശാസ്ത്രത്തെ സംബന്ധിച്ച് പ്രധാന  വെല്ലുവിളിയാകുന്നത്.


ഭൂമിയിലാകെ ലഭിക്കുന്ന മഴയുടെ അളവും  സംഭവിക്കുന്ന ബാഷ്പീകരണത്തിൻറെ തോതും ഇന്നും ശാസ്ത്രത്തിന് തിട്ടപ്പെടുത്താൻ  കഴിയാത്തതിന് പ്രധാന കാരണം സമുദ്രങ്ങളാണ്. ഭൂമിയുടെ മൂന്നിൽ രണ്ട് ഭാ​ഗവും സമുദ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സമദ്രങ്ങളിലേക്ക് എത്ര അളവിൽ മഴ എത്തിച്ചേരുന്നു എന്നത് കണക്ക് കൂട്ടുക വലിയ പ്രയാസമാണ്. അതിനാൽ കുറച്ചു കൂടി ലളിതമായ ഒരു മാർഗ്ഗമാണ് ഗവേഷകർ ഇപ്പോൾ ഇതിനായി തിരഞ്ഞെടുക്കുന്നത്. 

ഇത് കുറേക്കൂടി ലളിതമാക്കുന്ന ഒരു മാർഗമാണ് ഗവേഷകർ ഇപ്പോൾ ഉപയോഗിക്കുന്നത്. മഴയുടെ ലഭ്യത സമുദ്രജലത്തിലുണ്ടാക്കുന്ന മാറ്റം പഠിക്കുക എന്നതാണ് ഈ മാർഗ്ഗം. മഴയിലൂടെ എത്തുന്ന ശുദ്ധജലം കലരുമ്പോൾ സമുദ്രജലത്തിലെ ഉപ്പിന്റെ അളവിൽ  തൽക്കാലത്തേക്കെങ്കിലും കുറവുണ്ടാകും. ലവണ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവാണ് സമുദ്രത്തിൻറെ വിവിധ മേഖലകളിൽ ലഭിക്കുന്ന മഴയുടെ അളവ് കണക്കാക്കാൻ ഗവേഷകർ ഇപ്പോൾ ഉപയോഗിക്കുന്നത്.


ഇതനുസരിച്ച് ഏതാണ്ട് 77,000 ക്യൂബിക് കിലോമീറ്ററോളം വരുന്ന ജലത്തിൻറെ ലഭ്യത ഭൂമധ്യരേഖാ പ്രദേശത്ത് നിന്ന് താരതമ്യേന മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഭൂമിയുടെ ജലചംക്രമണത്തിലുണ്ടായ മാറ്റമാണ് ഈ മഴയുടെ ലഭ്യതയിലുണ്ടായ മാറ്റത്തിന് പിന്നിലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.  ഒരു വർഷത്തിൽ ലഭിക്കുന്ന ആകെ മഴയുടെ ഏഴ് ശതമാനത്തോളം വരുന്ന ഈ മാറ്റം ഉണ്ടായത് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെയാണ്. അതായത് മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഏഴ് ശതമാനം വരെ അധികമഴയും, വരണ്ട പ്രദേശങ്ങളിൽ ഏഴ് ശതമാനം വരെ കുറഞ്ഞ മഴയുമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് അർഥം.  ഐക്യാരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വിഭാഗം 2021 ൽ പുറത്തിറക്കിയ റിപ്പോർട്ടിലും പ്രകൃതിയുടെ ജലവിതരണത്തിലുണ്ടാകുന്ന ഇത്തരം മാറ്റത്തെ കുറിച്ച്  മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.