പിന്നോട്ടില്ല, തിരിച്ചടിക്കുക തന്നെ ചെയ്യും: ഹസ്സന് റുഹാനി
അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് തക്ക മറുപടി നേരിടേണ്ടിവരുമെന്ന് അവര്‍ അറിയണമെന്നും അവര്‍ വിവേകത്തോടെ ചിന്തിക്കുന്നവരാണെങ്കില്‍ ഈ അവസരത്തില്‍ അവരുടെ ഭാഗത്തുനിന്നും തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും റുഹാനി പറഞ്ഞു.
ടെഹ്റാന്‍: അമേരിക്കയുടെ ചുറ്റുവട്ടത്തുനിന്നും പിന്‍വാങ്ങില്ലെന്ന് അറിയിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്ത്.
ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു റുഹാനി ഇങ്ങനെ പ്രതികരിച്ചത്.
അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് തക്ക മറുപടി നേരിടേണ്ടിവരുമെന്ന് അവര്‍ അറിയണമെന്നും അവര്‍ വിവേകത്തോടെ ചിന്തിക്കുന്നവരാണെങ്കില്‍ ഈ അവസരത്തില്‍ അവരുടെ ഭാഗത്തുനിന്നും തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും റുഹാനി പറഞ്ഞു.
ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.
മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങള്‍ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കുമെന്നും റുഹാനി പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടത്. കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട ഖാസിം സുലൈമാനിയുടെ കൊലയില്‍ പ്രതികാരം ചെയ്യുമെന്ന് അന്നുതന്നെ ഇറാന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തിയത്.
ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടുവെങ്കിലും ഈ വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയിരുന്നു.
ശേഷം ഇന്നലെ അര്‍ധരാത്രിയോടെ ഇറാന്‍ വീണ്ടും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ റോക്കറ്റ് ആക്രമണം നടത്തി. അമേരിക്കന്‍ എംബസിയുടെ 100 മീറ്റര്‍ സമീപത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇറാഖ് സൈന്യം അറിയിച്ചു.
ആളപായമില്ലെന്ന് ഇറാഖ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയെങ്കിലും റോക്കറ്റാക്രമണത്തില്‍ ആള്‍നാശമുണ്ടായെന്നാണ് ഇറാന്‍ പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also read: ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം;ആള്‍ നാശമുണ്ടായെന്ന് ഇറാന്‍ പ്രസ്സ് ടിവി