ഇസ്ലാമബാദ് : തന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ കരുക്കൾ നീക്കിയത് അമേരിക്കയാണെന്ന് ആരോപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ അട്ടിമറിക്കാൻ ശ്രമിച്ചത് അമേരിക്കയാണെന്ന് പറഞ്ഞ ശേഷം പിന്നീട് വിദേശ രാജ്യമെന്ന് തിരുത്തിയും ഇമ്രാൻ പറഞ്ഞു. പാകിസ്ഥാന് നേരെയുള്ള വെല്ലുവിളിയായി മാത്രമെ ഈ ഭീഷണിയെ കാണാൻ സാധിക്കുവെന്നും ഇമ്രാൻ. അവിശ്വാസപ്രമേയത്തെ നേരിടാൻ പോകുന്ന ഇമ്രാൻ ഖാൻ  വികാര നിർഭരമായാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

 

രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ ഇമ്രാൻ ഖാൻ അവിശ്വാസപ്രമേയത്തെ നേരിടുമെന്നും പ്രഖ്യാപിച്ചു. അവസാന പന്ത് വരെ പൊരുതിയാണ് എനിക്ക് ശീലം. അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലും ഇതു തന്നെയാകും നടക്കുകയെന്നും ഇമ്രാൻ വ്യക്തമാക്കി. 

 

റഷ്യ സന്ദർശിച്ചതിന്റെ പ്രതികാരമെന്നവണ്ണമാണ് പാശ്ചാത്യശക്തികൾ തനിക്കെതിരെ തിരിഞ്ഞതെന്നും ഇമ്രാൻ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രതിപക്ഷം വിദേശത്ത് നിന്നുള്ള സഹായം സ്വീകരിച്ചാണ് തന്നെ അട്ടിമറിക്കുന്നതെന്ന് ആരോപിച്ച ഇമ്രാൻ അവർ രാജ്യദ്രോഹികളാണെന്നും കുറ്റപ്പെടുത്തി.

 

മുസ്ലീം വിശ്വാസികളുടെ പിന്തുണ ലഭിക്കുന്നതിനുള്ള ശ്രമവും ഇമ്രാൻ തന്റെ പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചു. മുസ്ലീം വിശ്വാസികൾ ആരുടെയും അടിമകളായി ഇതുവരെ ജീവിച്ചിട്ടില്ല. ആരുടെയും മുന്നിൽ മുസ്ലീമുകൾ മുട്ടുമടക്കിയും ശീലിച്ചിട്ടില്ലെന്നും ഇമ്രാൻ പറഞ്ഞു. 

പാകിസ്ഥാന്റെ ഭാവി എന്താകുമെന്ന കാര്യം ഏപ്രിൽ മൂന്നാം തീയതി ഞായറാഴ്ച തീരുമാനിക്കപ്പെടുമെന്നും ഇമ്രാൻ പറഞ്ഞു. ഏപ്രിൽ മൂന്നിന് പാകിസ്ഥാൻ ദേശിയ അസംബ്ലിയിൽ ഇമ്രാൻ സർക്കാരിനെതിരായ അവിശ്വാസപ്രമേയം വരും.

 

പാകിസ്ഥാന്റെ വളർച്ചയും തളർച്ചയും കണ്ടാണ് താൻ വളർന്നതെന്നും മൂന്ന് ലക്ഷ്യങ്ങളോടെയാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും ഇമ്രാൻ പറഞ്ഞു. നീതി, മനുഷ്യത്വം, സ്വയംപര്യാപ്തത എന്നീ മൂന്നു ലക്ഷ്യങ്ങൾ പാകിസ്ഥാൻ ജനതയ്ക്ക് നൽകാനാണ് ഞാൻ ശ്രമിച്ചതെന്ന പാക് പ്രധാനമന്ത്രി അറിയിച്ചു. 

 

പല രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെ വന്ന് നമ്മൾ എങ്ങനെയാണ് പല നേട്ടങ്ങളും കൈവരിക്കുന്നതെന്ന കാര്യം പഠിച്ചിരുന്നു. എന്റെ കൂടെയാണ് മലേഷ്യയിലെ രാജകുമാരി പഠിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ പാകിസ്ഥാനിലെ സർവകലാശാലകളിൽ വന്ന് പഠനം നടത്തി. അങ്ങനെ എല്ലാ മേഖലകളിലും നമ്മൾ ശ്രദ്ധ നേടിയിരുന്നു. 

 

എന്നാൽ മറ്റുള്ളവർ നമ്മളെ നിയന്ത്രിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്. ഇതിന് രാജ്യദ്രോഹികളായ ചിലർ കൂട്ടുനിൽക്കുന്നതായും ഇമ്രാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.