Danish Siddiqui : താലിബാൻ തീവ്രവാദികൾക്കെതിരെ ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കൾ രാജ്യാന്തര ക്രിമിനൽ കോടതിയിൽ പരാതി നൽകി
നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സിദ്ദിഖിയുടെ മാതാപിതാക്കൾ
താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ലോകപ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കൾ രാജ്യാന്തര കോടതിയിൽ കേസ് ഫയൽ ചെയ്തു. പുലിറ്റ്സർ അവാർഡ് ജേതാവായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിന് ഉത്തരവാദികളായ താലിബാൻ നേതാക്കൾക്കെതിരെയാണ് മാതാപിതാക്കൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഡാനിഷ് സിദ്ദിഖിയുടെ അമ്മ ഷാഹിദ അക്തർ കേസ് നൽകിയ വാർത്ത സ്ഥിരീകരിച്ചു.
"ഞങ്ങളുടെ മകൻ ഡാനിഷിനെ താലിബാൻ കൊലപ്പെടുത്തിയത് അവന്റെ ജോലി ചെയ്തുവെന്ന ഒറ്റ കുറ്റത്തിനാണ്. ഇതിനെതിരെയാണ് കേസ് നൽകിയത്". ഷാഹിദ അക്തർ പറഞ്ഞു. ആറ് താലിബാൻ നേതാക്കൾക്കെതിരെയാണ് ഇന്റർനാഷണൽ ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
റോയിറ്റേഴ്സ് വാർത്താ ഏജൻസിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ഡാനിഷ് സിദ്ദിഖി 2021 ജൂലൈ 16നാണ് കൊല്ലപ്പെട്ടത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചടക്കുന്നതിന്റെ ഭാഗമായി നടത്തിയ നീക്കം റിപ്പോർട്ട് ചെയ്യാനെത്തിയ രാജ്യാന്തര വാർത്ത ഏജൻസിയിലെ അംഗമായിരുന്നു ഡാനിഷ് സിദ്ദിഖി. കാണ്ഡഹാറിലെ സ്പിൻ ബോൾഡക്കിൽ വച്ചാണ് സിദ്ദിഖിനെ താലിബാൻ ഭീകരർ പിടികൂടിയത്. അവിടെ സമീപത്തുള്ള മുസ്‍ലീം പള്ളിയിലേക്ക് കൊണ്ടുപോയ സിദ്ദിഖിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന കാര്യം റോയിറ്റേഴ്സിന് പോലും വ്യക്തമായി അറിയില്ല. പരുക്കേറ്റ സിദ്ദിഖിയെ അവിടെ ചികിത്സിക്കാൻ വേണ്ടിയാണ് പള്ളിയിലേക്ക് മാറ്റിയതെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഡാനിഷിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മൃതശരീരത്തോടും ക്രൂരമായ രീതിയിലാണ് താലിബാൻ ഭീകരർ പെരുമാറിയത്. 12 വെടിയുണ്ടകൾ തറച്ച പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. മൃതദേഹത്തിലൂടെ വലിയ വാഹനം കയറ്റിയിറക്കിയെന്നും പിന്നീട് വ്യക്തമായി.
ALSO READ : കൊടുംവിഷമുള്ള പാമ്പുകളും വന്യജീവികളുമുള്ള ആമസോൺ വനത്തിൽ കുട്ടികൾ വഴിതെറ്റി അലഞ്ഞത് 25 ദിവസം
"ഞങ്ങളുടെ മകനെ ഞങ്ങൾക്ക് തിരികെ കിട്ടില്ല. പക്ഷേ ഏതെങ്കിലുമൊരു കാലത്ത് ഞങ്ങൾക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേസ് നൽകിയിരിക്കുന്നത്." ഡാനിഷ് സിദ്ദിഖിയുടെ പിതാവ് പ്രൊഫ. അക്തർ സിദ്ദിഖി പറഞ്ഞു. പുലിറ്റ്സർ അവാർഡ് ഉൾപ്പെടെ നേടിയ സിദ്ദിഖി കോവിഡ് കാലത്ത് ഉൾപ്പെടെ എടുത്ത ചിത്രങ്ങൾ ലോകപ്രശസ്തി നേടിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.