ഇസ്ലാമാബാദ്: ഇന്ത്യക്കാര​ന്‍റെ തിരോധാനം അന്വേഷിക്കവെ കാണാതായ പാക്​ മാധ്യമ പ്രവർത്തകയെ രണ്ടു വർഷത്തിനു ശേഷം സുരക്ഷാ സേന രക്ഷപ്പെടുത്തി. പാക് മാധ്യമപ്രവര്‍ത്തക സീനത്ത് ഷഹ്സാദിയെയാണ് പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ബോര്‍ഡറില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സീനത്തിനെ ശത്രു സംഘങ്ങൾ  തട്ടിക്കൊണ്ടുപോയതാണെന്ന് കാണാതായവരെപ്പറ്റി അന്വേഷിക്കുന്ന കമ്മീഷന്‍റെ ചുമതലയുള്ള ജസ്റ്റിസ് ജാവേദ് ഇഖ്​ബാൽ ആരോപിച്ചു. ബലൂചിസ്​ഥാനിലെ ഗോത്ര വര്‍ഗക്കാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി. 


2015ല്‍ ലാഹോറില്‍ നിന്നാണ് സീനത്തിനെ കാണാതാവുന്നത്. പാകിസ്ഥാനില്‍ വച്ച് കാണാതായ ഇന്ത്യക്കാരന്‍ ഹമീദ് അന്‍സാരിയെ കണ്ടെത്തുന്നതിന് നടത്തിയ ശ്രമങ്ങളിലൂടെയാണ് സീനത്ത് ശ്രദ്ധേയയായത്. ഹമീദ് അന്‍സാരിയുടെ അമ്മ ഫൗസിയ അന്‍സാരിയുമായി സീനത്ത് ബന്ധപ്പെട്ടിരുന്നു. അന്‍സാരിയുടെ തിരോധാനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ മനുഷ്യാവകാശ സെല്ലില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതില്‍ സീനത്ത് വിജയിക്കുകയും തുടര്‍ന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 


സീനത്തിന്‍റെ ഹര്‍ജിയെ തുടര്‍ന്ന് ഹമീദ് അന്‍സാരി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് സുരക്ഷാസേനയ്ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് സീനത്തിനെ ലാഹോറില്‍ നിന്ന് കാണാതായത്.