ആഫ്രിക്കയായിരിക്കും കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  ആഫ്രിക്കയിലുടനീളം ഇതുവരെ ആയിരത്തോളം മരണങ്ങളും 20,000ത്തിലധികം അണുബാധകളും ഉണ്ടായതായാണ്  റിപ്പോര്‍ട്ട്.


ഈ നിരക്ക് യൂറോപ്പിന്‍റെയും യുഎസിന്‍റെയും വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളെക്കാള്‍ വളരെ കുറവാണ്‌എന്ന് തോന്നുമെങ്കിലും ആഫ്രിക്കയില്‍ വൈറസ് വ്യാപനം വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.


അതേസമയം ഇത്തരത്തിലൊരു മഹാമാരിയെ നേരിടാന്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ 
ആഫ്രിക്കയില്‍ ഇല്ലെന്നുള്ള വസ്തുതയും  ലോകാരോഗ്യ സംഘടന എടുത്തുകാണിക്കുന്നു.വൈറസ് വ്യാപനം തലസ്ഥാന നഗരങ്ങളില്‍നിന്ന് ദക്ഷിണാഫ്രിക്ക, നൈജീരിയ, ഐവറി കോസ്റ്റ്, കാമറൂണ്‍, ഘാന എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയതായി സംഘടനയുടെ ആഫ്രിക്കന്‍ ഡയറക്ടര്‍ ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു.


അതേസമയം കൂടുതല്‍ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ വൈറസിനെ ചികിത്സിക്കുന്നതിനേക്കാള്‍ പ്രതിരോധത്തിലാണ് അവര്‍ ശ്രദ്ധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന  ചൂണ്ടിക്കാട്ടി.  
ഐസിയുവില്‍ ഗുരുതരമായ പരിചരണം ആവശ്യമുള്ള രോഗികളുടെ അനുപാതം കുറയ്ക്കാനാണ് സംഘടന ആഗ്രഹിക്കുന്നത്, കാരണം ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഒപ്പം വെന്റിലേറ്ററുകളുടെ പ്രശ്നം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.