മോസ്‌കോ:  അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി (Aleksei Navalny) യില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍  വിഷാംശം  കടന്നിട്ടില്ലെന്ന്  റിപ്പോര്‍ട്ട്...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

അലക്‌സി നവാല്‍നിയെ പ്രവേശിപ്പിച്ചിരിയ്ക്കുന്ന  സൈബീരിയന്‍ ആശുപത്രിയിലെ ഡെപ്യൂട്ടി ഹെഡ് ഡോക്ടറാണ് ഈ വിവരം  പുറത്തു വിട്ടത്.  രക്തവും മൂത്രവും പരിശോധിച്ചപ്പോള്‍ വിഷാംശം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് ഡോക്ടര്‍ അനാടോലി  കലിനിഷെങ്കോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, നവാല്‍നിയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.


അബോധാവസ്ഥയിലായ  അലക്‌സി നവാല്‍നിയുടെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.   


ഇതിനിടെ  വിദഗ്ധചികിത്സയ്ക്കായി അദ്ദേഹത്തെ  ജര്‍മ്മനിയിലേയ്ക്ക് എത്തിക്കാന്‍ റഷ്യന്‍ ഭരണകൂടം  അനുമതി നല്‍കി. 
ചികിത്സാ സഹായം നല്‍കാമെന്നേറ്റ് ജര്‍മ്മനിയുടെ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലും പിന്നീട് ഫ്രഞ്ച് പ്രസിഡന്റ്  ഇമ്മാനുവല്‍ മാക്രോണും പുടിനുമായി നാമായി  ബന്ധപ്പെട്ടിരുന്നു.


നവാല്‍നി കോമയിലാണെന്നും നിലവിലെ സാഹചര്യത്തില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത് വെല്ലുവിളിയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


സൈബീരിയയില്‍ നിന്നും മോസ്‌കോയിലേക്കുള്ള വിമാന യാത്രക്കിടെയാണ്  നവാല്‍നി തളര്‍ന്ന് വീണത്. 
വിമാനത്തിനുള്ളില്‍ വച്ച്‌ വല്ലാതെ അസ്വസ്ഥനാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെതുടര്‍ന്ന് വിമാനം തിരിച്ചിറക്കിയാണ് 44 കാരനായ അലക്‌സിയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. സൈബീരിയന്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് അലക്സി ഇപ്പോഴുള്ളത്. 


വിമാനത്താവളത്തില്‍ വച്ച്‌ കുടിച്ച ചായയില്‍ നിന്നും മാരകമായ വിഷം ഉള്ളില്‍ ചെന്നതാണ് അപകടത്തിന് കാരണമെന്നാണ് തുടക്കത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. 


Also read: വിഷബാധ: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയുടെ നില അതീവ ഗുരുതരം


റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍റെ  കടുത്ത വിമര്‍ശകനായ നവാല്‍നിയെ ചായയില്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. നവാല്‍നിയെ ജര്‍മ്മനിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കത്തെ റഷ്യ തടയുകയാണെന്നും   സൈബീരിയന്‍ ആശുപത്രിയിലെ ചികിത്സ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹത്തിന്‍റെ  അനുയായികള്‍ ആരോപിച്ചു. 


സെപ്റ്റംബറില്‍ റഷ്യയിലെ 30 ഇടങ്ങളിലായി നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ഭാഗമായി മോസ്‌കോയിലേക്ക് പോവുകയായിരുന്നു അലക്‌സി. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന റഷ്യയിലെ പ്രാദേശിക ഇലക്ഷന്‍ ക്യാമ്പയിനും ഇപ്പോഴത്തെ അപകടത്തിനും ബന്ധമുണ്ടെന്നും  അലക്‌സിയുടെ പ്രതിനിധി പറയുന്നു. 


മുന്‍പും  പല  ഘട്ടങ്ങളിലും അലക്‌സി നവാന്‍നിക്കു നേരെ ആക്രമണ ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അറസ്റ്റിലായ ഇദ്ദേഹത്തിനു നേരെ ജയിലില്‍ വെച്ച് ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് വിഷ ബാധയേറ്റെന്നാണ് അന്ന് അനുനായികള്‍ ആരോപിച്ചത്. എന്നാല്‍ ഇത് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നില്ല.


2017 ല്‍ അലക്‌സിയുടെ കണ്ണിനു നേരെ അക്രമ സംഘം ആന്റിസെപ്റ്റിക് ദ്രാവകം എറിഞ്ഞതിനെ തുടര്‍ന്ന് കണ്ണിന് പൊള്ളലേറ്റിരുന്നു.