നിത്യാനന്ദയുടെ `റിസര്‍വ് ബാങ്ക് ഓഫ് കൈലാസ` കറന്‍സികള്‍ പുറത്തിറക്കി...!!
വിവാദത്തില്‍പ്പെട്ടതോടെ ഇന്ത്യയില്‍ നിന്നും കടന്ന വിവാദ സ്വാമി നിത്യാനന്ദ തന്‍റെ രാജ്യമായ കൈലാസത്തില്‍ പുതിയ `ബാങ്ക്` സ്ഥാപിച്ചതായി പ്രഖ്യാപിച്ചു.
കൈലാസ: വിവാദത്തില്‍പ്പെട്ടതോടെ ഇന്ത്യയില്‍ നിന്നും കടന്ന വിവാദ സ്വാമി നിത്യാനന്ദ തന്‍റെ രാജ്യമായ കൈലാസത്തില്‍ പുതിയ "ബാങ്ക്" സ്ഥാപിച്ചതായി പ്രഖ്യാപിച്ചു.
വത്തിക്കാന്‍ മാതൃകയില്‍ സ്വന്തമായി ബാങ്കാണ് ഇയാള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒപ്പം പുതിയ കറന്‍സികളും നിത്യാനന്ദ പുറത്തിറക്കി. കറന്‍സി പുറത്തിറക്കാന്‍ ഗണേശ ചതുര്‍ഥി ദിനമാണ് നിത്യാനന്ദ തിരഞ്ഞെടുത്തത്. കൈലാസത്തിലെ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' നിർമിച്ച 'കൈലാസിയൻ ഡോളർ' ആണ് ശനിയാഴ്ച പുറത്തിറക്കിയത്.
നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദ പറയുന്നത് .
സ്വർണത്തിൽ നിർമിച്ച നാണയങ്ങളാണ് കൈലാസിയൻ ഡോളർ. തമിഴിൽ ഇതിന് 'പൊർകാസ്' എന്നും സംസ്കൃതത്തിൽ 'സ്വർണമുദ്ര' എന്നുമാണ് പേര് നൽകിയിരിക്കുന്നത്. 11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്‍റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 116.6 ഗ്രാം സ്വർണത്തിലാണ് പത്ത് കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാർ പുറത്തിറക്കിയ നാണയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നിത്യാനന്ദ പറഞ്ഞു
ഇന്ത്യയില്‍ നിന്നും കടന്ന് 6 മാസത്തിനകമാണ് സ്വന്തം രാജ്യം ഇയാള്‍ കെട്ടിപ്പടുക്കുന്നത്. "കൈലാസ" എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ച ഇയാള്‍ ബാങ്ക്, കറന്‍സി, പാസ്പോര്‍ട്ട് തുടങ്ങി ഒരു സ്വതന്ത്ര രാജ്യത്തിന് അനിവാര്യമായ എല്ലാം തരപ്പെടുത്തുകയാണ്.
പെണ്‍കുട്ടികളെ തടവില്‍പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. സ്വന്തമായി 'കൈലാസ'എന്ന ഒരു രാജ്യം സ്ഥാപിച്ചതായി ഇയാള്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ട്രിനിഡാഡ് ആന്‍ ടുബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദയുടെ 'കൈലാസ'യെന്നാണ് അനുമാനം.