ശ്രീലങ്കയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
ആൾക്കൂട്ടം അക്രമാസക്തമായി പോലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടർന്നാണ് വെടിവെക്കാൻ നിർബന്ധിതരായതെന്ന് പോലീസ് വക്താവ് പറയുന്നു.
കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. റംബുക്കാനിലാണ് വെടിവെപ്പുണ്ടായത്. ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനങ്ങൾ തെരുവിൽ പ്രതിഷേധത്തിലാണ്. ആദ്യമായാണ് പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പുണ്ടാകുന്നത്. ആൾക്കൂട്ടം അക്രമാസക്തമായി പോലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടർന്നാണ് വെടിവെക്കാൻ നിർബന്ധിതരായതെന്ന് പോലീസ് വക്താവ് പറയുന്നു.
ഭക്ഷണ സാധനങ്ങൾക്കും മരുന്നിനും ഇന്ധനത്തിനും രൂക്ഷമായ പ്രതിസന്ധിയാണ് ശ്രീലങ്കയിൽ നേരിടുന്നത്. ജനജീവിതം ഏറെ ദുഷ്‌കരമായ രാജ്യത്ത് കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. ശ്രീലങ്കൻ കറൻസിയുടെ വില ഡോളറിനെതിരെയുള്ള വിനിമയ നിരക്കിൽ കൂപ്പുകുത്തി. ലങ്കയിലെ റോഡുകളിൽ പ്രതിഷേധക്കാർ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നതും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുന്നതും പതിവ് കാഴ്ചയായി മാറി.
മുൻപ് പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ വലിയ തോതിൽ അക്രമം നടന്നിരുന്നു. കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ഭീകരമായ കടക്കെണിയിൽ അകപ്പെട്ട ശ്രീലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന സാഹചര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...