കൊടും വനവും അതിലെ അതിജീവനവും...കഥളിലും സിനിമകളിലും എല്ലാം ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നമുക്ക് പരിചിതമാണ്. അവയെല്ലാം തന്നെ തെല്ല് നെഞ്ചിടിപ്പോടെയും കൗതുകത്തോടെയാണ് നാം കണ്ടിട്ടുള്ളത്. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന അഡ്വെഞ്ചറസ് സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കഥകളെ വെല്ലുന്ന യാഥാർത്ഥ്യങ്ങളുടെ ഒരു അതിജീവനത്തിനാണ് ഇപ്പോൾ ലോകം മുഴുവൻ സാക്ഷിയാകുന്നത്. ഇവിടെ ഈ 4 കുഞ്ഞുങ്ങൾ താണ്ടിയ വഴികൾ നമ്മുടെ ചിന്തകൾക്ക് പോലും അതീതമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ചുവടിലും അപകടം പതിയിരിക്കുന്ന ആമസോൺ കാടുകളിൽ ഈ കുഞ്ഞുങ്ങൾക്ക് തുണയായത് ഇവരുടെ സഹോദരിയായ ലെസ്ലി ആണ്. കാടിന്റെ ചതിക്കുഴികളെ തിരിച്ചറിഞ്ഞുള്ള അവളുടെ നീക്കങ്ങളും മുന്നൊരുക്കങ്ങളുമായിരുന്നു. കൊടുംകാട്ടിനുള്ളില്‍ എന്ത് കഴിക്കാമെന്നും എന്ത് കഴിക്കരുതെന്നുമുള്ള അവളുടെ ബോധ്യം തന്റെ സഹോ​ദരങ്ങളുടെ ജീവൻ കാത്തു. കാട്ടിലൂടെ അലയുന്നതിനിടയില്‍ ഇളയ കുഞ്ഞിനെ ഏറെ സമയം എടുത്തതും സഹോദരങ്ങളെ ഒരുമിച്ച് നിര്‍ത്തിയതും ലെസ്ലിയായിരുന്നു.


ALSO READ: ടാങ്കറിന് തീപിടിച്ച് അപകടം; ഫിലഡൽഫിയയിലെ ഹൈവേയിലെ മേൽപ്പാലം തകർന്നു


ആമസോണ്‍ വനാന്തരത്തില്‍ 40ദിവസത്തെ അതിജീവനത്തിൽ അധിക ദിവസവും ഇവർ കഴിച്ചത് കപ്പ പൊടിയാണ്.  ചില രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശക്തി ആര്‍ജ്ജിച്ചെടുക്കാനുള്ള ഗോത്രവര്‍ഗക്കാരുടെ കഴിവ് കുട്ടികളെ ഒരു പരിധി വരെ സഹായിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഘോരവനത്തിലൂടെ 40 ദിവസം നീണ്ട അലച്ചിലില്‍ മൂന്ന് കിലോയോളം കപ്പ പൊടിയാണ് നാല് കുട്ടികളും കൂടി കഴിച്ചതെന്നാണ് കൊളംബിയന്‍ സേനാ വൃത്തങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്.


ആമസോണ്‍ വനമേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കപ്പ പൊടി. ഇതിനു പുറമേ കൃത്യമായ സമയത്ത് വെള്ളം കണ്ടത്താന്‍ സാധിച്ചതും നിര്‍ജ്ജലീകരണം അപകടകരമായ രീതിയിലേക്ക് പോകാതെ കുട്ടികളെ രക്ഷിച്ചു. തകര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഇടയില്‍ വിമാനത്തിലുണ്ടായിരുന്ന കപ്പ പൊടി ഇവര്‍ ഒപ്പം കരുതിയിരുന്നു. എന്നാല്‍ കയ്യിലുണ്ടായിരുന്ന കപ്പ പൊടി തീര്‍ന്നതിന് പിന്നാലെയാണ് സുരക്ഷിതമായി ജീവനോടെ ഇരിക്കാന്‍ കഴിയുന്ന ഒരു ഇടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.


പോഷകാഹാരത്തിന്‍റെ കുറവുള്ള അവസ്ഥയിലാണ് കുട്ടികളെ കണ്ടെത്തിയത് എന്നാല്‍ ബോധം നഷ്ടമാകുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളൊന്നും കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. മറ്റ് അസുഖങ്ങള്‍ ഇല്ലെങ്കിലും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് ഇനിയും സമയം എടുക്കുമെന്നാണ് സേനാവൃത്തങ്ങള്‍ വിശദമാക്കുന്നത്. മെയ് 1നുണ്ടായ വിമാനാപകടത്തില്‍ ആണ് കുട്ടികൾ ആമസോൺ വനത്തിൽ അകപ്പെടുന്നത്. കുട്ടികളുടെ അമ്മയും പൈലറ്റും ഗോത്ര വര്‍ഗ നേതാവും സംഭവത്തിൽ കൊല്ലപ്പെട്ടു.


കാട്ടിലൂടെയുള്ള ഇവരുടെ യാത്രക്കിടെ ഒരു നായയെ കണ്ടിരുന്നുവെന്നും ഏതാനും ദിവസം ഒപ്പമുണ്ടായിരുന്ന നായയെ പിന്നീട് കാണാതാവുകയായിരുന്നുവെന്നും കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന വില്‍സന്‍ എന്ന നായയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. മെയ് 18 മുതല്‍ ഈ നായയെ കാണാതായിരുന്നു. ശനിയാഴ്ച കുട്ടികളെ കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ സന്ദര്‍ശിച്ചിരുന്നു. ദുർഘടവനമേഖലയിൽ 40 ദിവസമാണ് കുട്ടികൾ തനിയെ അതിജീവിച്ചത്.


തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. കണ്ടെത്താൻ സാധിക്കാത്ത പല നി​ഗൂ‍ഢതകളും പതി‍യിരിക്കുന്ന ഇടം. 67  ലക്ഷം ചതുരശ്ര കിലോമീറ്റർ നീണ്ടു കിടക്കുന്ന നിബിഡ വനം. ഇന്ത്യയുടെ ഇരട്ടിയാണ് വിസ്‌തൃതി. ആമസോൺ മഴക്കാടുകളുടെ  60 ശതമാനം വനമേഖലയും ബ്രസീലിലാണ്. 13 ശതമാനം പ്രദേശം പെറുവിലും 10 ശതമാനം കൊളംബിയയിലുമാണ്. ബൊളീവിയ, ഇക്വഡോർ, ഗയാന, സുരിനാം, വെനസ്വേല , ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗിയാന എന്നിവ ഉൾപ്പെടെ ആകെ ഒമ്പത് രാജ്യങ്ങളിലായിയാണ് ആമസോൺ മഴക്കാടുകൾ വ്യാപിച്ചു കിടക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.