ഫിലഡൽഫിയ: ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിലെ ഫിലഡൽഫിയയിലെ മേൽപ്പാലം തകർന്നു. ഫിലഡൽഫിയയിലെ ഹൈവേയിലെ മേൽപ്പാലമാണ് തകർന്നത്. ഈസ്റ്റ് കോസ്റ്റിലെ പ്രധാന ദേശീയപാതയായ നോർത്ത് – സൗത്ത് ഹൈവേയിലായിരുന്നു ടാങ്കറിന് തീപിടിച്ച് അപകടമുണ്ടായത്. തിരക്കേറിയ ഈ വഴി താൽക്കാലികമായി അടച്ചിട്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ട് തീപിടിച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസമയത്ത് റോഡിൽ തിരക്കില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായതായി അധികൃതർ പറഞ്ഞു. ദേശീയപാതയിൽ വടക്കുഭാഗത്തേക്കുള്ള ഐ–95 പൂർണമായി തകർന്നു. തെക്കോട്ടുള്ള പാതയിൽ വലിയ നാശനഷ്ടമുണ്ടായെന്നും ഫിലഡൽഫിയ അഗ്നിരക്ഷാവിഭാഗം മേധാവി ഡെറക് ബൗമർ പറഞ്ഞു.
മേൽഭാഗത്തെ റോഡ് തകർന്നതിനെ തുടർന്ന് ഒരു വാഹനം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് പെൻസിൽവേനിയ ഗവർണർ ജോഷ് ഷപിറോ പറഞ്ഞു. പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിക്കുമെന്നും അപകടത്തിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും എത്രത്തോളം നാശനഷ്ടമുണ്ടായി എന്നിവയും വിശദമായി പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു. ആളപായമുള്ളതായി നിലവിൽ റിപ്പോർട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
I-95 in Philadelphia collapses after truck that was allegedly carrying thousands of gallons of gasoline catches fire and explodes
I-95 is a major highway to get in and out of Philadelphia
Is there more to this story than what they are telling us? pic.twitter.com/N3TXqvlTQQ
— Vision4theBlind (@Vision4theBlind) June 11, 2023
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടത്തിന് പിന്നാലെ വലിയ കോൺക്രീറ്റ് സ്ലാബ് താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. നാല് വർഷം മുൻപ് നിർമിച്ച ഹൈവേയിലെ മേൽപ്പാലമാണ് തകർന്നത്. 212 ദശലക്ഷം യുഎസ് ഡോളർ ചെലവിട്ടാണ് പുനർനിർമാണം നടത്തിയത്. ഈ റോഡിന്റെ ഒരു ഭാഗമാണ് തകർന്ന് വീണിരിക്കുന്നത്.
പ്രതിദിനം 1.60 ലക്ഷം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് അപകടം നടന്നത്. പെൻസിൽവാനിയയിലെ ഏറ്റവും തിരക്കേറിയ റോഡ് ഗതാഗത മാർഗമാണിത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായും ഗവർണറുമായും ഫിലഡൽഫിയ മേയറുമായും സംസാരിച്ചെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...