കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന്‍ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌. ഇന്ത്യ-പാക്ക് പ്രശ്ന പരിഹാരത്തിന് തന്നെകൊണ്ട് ആവുന്നതൊക്കെ ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ്‌ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരു രാഷ്ട്രതലവന്‍മാരോടുമായി യുഎന്‍ ജനറല്‍ അസംബ്ലിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന് പറഞ്ഞ ട്രംപ്‌ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളേയും പരിഗണിച്ചുകൊണ്ട് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തെന്നും പറഞ്ഞു.


മാത്രമല്ല ഇതിനുവേണ്ടി എന്ത് സഹായം ചെയ്യാനും താന്‍ തയ്യാറാണെന്ന് ഇരുരാഷ്ട്ര നേതാക്കളോടും വാഗ്ദാനം ചെയ്തിരുന്നതായും ട്രംപ്‌ വെളിപ്പെടുത്തി.


രണ്ടു രാജ്യങ്ങളുടെയും നേതൃത്വ സ്ഥാനത്തുള്ളത് രണ്ട് മാന്യവ്യക്തിത്വങ്ങളാണെന്നും, രണ്ടു പേരും എന്‍റെ നല്ല സുഹൃത്തുക്കളാണെന്നും ട്രംപ്‌ പറഞ്ഞു. മാത്രമല്ല രണ്ടും ആണവശക്തികളാണ് അതുകൊണ്ടുതന്നെ പ്രശ്നപരിഹാരത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പല പ്രാവശ്യം മുന്‍പും ട്രംപ്‌ ആവര്‍ത്തിച്ചിരുന്നു.  എന്നാല്‍ അപ്പോഴൊക്കെ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റാരുടെയും ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 


ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലയെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന സൂചന.