വാഷിങ്ടണ്‍: പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. പാക്കിസ്ഥാൻ ഭീകരർക്ക് താവളമൊരുക്കുകയാണെന്നും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍റെ ഇത്തരം നടപടികളോട് അമേരിക്ക പ്രതികരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.  മാത്രമല്ല ക്ഷമയ്ക്ക് പരിധികളുണ്ടെന്നും മുന്നറിയിപ്പ് നൽകിയ അദ്ദേഹം  അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും  പാകിസ്ഥാന് നല്‍കിവരുന്ന സഹായം വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക ഒരുങ്ങുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാകിസ്താനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാമ്പുകളെന്ന് സംശയിക്കപ്പെടുന്ന പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്ന കാര്യം വരെ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായുള്ള വാര്‍ത്ത അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.  യുഎസ് ഡ്രോണ്‍ ആക്രമണം ഈ മേഖലയിലേക്ക് വ്യാപിപ്പിക്കാനും നാറ്റോ സഖ്യത്തിന് പുറത്തുള്ള രാജ്യങ്ങളില്‍ പാകിസ്ഥാനുമായുള്ള സൗഹൃദം കുറച്ചുകൊണ്ടുവരാനുമാണ് ആലോചിക്കുന്നത്.  മാത്രമല്ല, പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തോട് നിരന്തരം പോരടിക്കുന്ന താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരരെ ഇല്ലാതാക്കാന്‍ അമേരിക്ക ശ്രമം തുടരുകയാണ്. പാകിസ്ഥാനുമായുള്ള മികച്ച നയതന്ത്രബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്ന യുഎസ് ഉന്നതോദ്യോഗസ്ഥര്‍, ഈ മേഖലയിലെ ആഭ്യന്തര ഭീകരത കൊണ്ട് ബന്ധങ്ങള്‍ വഷളാകുമെന്ന് ഭയക്കുന്നതായും പറയുന്നുണ്ട്.


അഫ്ഗാനിസ്ഥാനിലെ യുദ്ധസമാനമായ അവസ്ഥയാണ് അമേരിക്കയുടെ പ്രധാന തലവേദന. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമാണെന്നും, താലിബാനുമായി ബന്ധമുള്ള അനേകം തീവ്രവാദികള്‍ ഇവിടെ അഭയാര്‍ത്ഥികളായി കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനോടുള്ള നയതന്ത്രത്തെ കുറിച്ച് തങ്ങള്‍ ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും പാകിസ്താനില്‍ നിന്നും തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ ആശ്രയിച്ചാണ് അതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.