`കോവിഡ് വെറും നിസാരം...!! രോഗമുക്തി നേടുംമുന്‍പ് ആശുപത്രി വിട്ട് Donald Trump
കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump) ആശുപത്രി വിട്ടു.
വാഷിംഗ്ടണ്‍: കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump) ആശുപത്രി വിട്ടു.
താന്‍ സുഖപ്പെട്ടുവെന്നും കോവിഡിനെ ഭയക്കെണ്ടതില്ലെന്നും താന്‍ ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കോവിഡിനെ പേടിക്കേണ്ടെന്നും എന്നാല്‍ നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. 20 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ മികച്ചതായി തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് ട്രംപ് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയില്‍നിന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്.
വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. ആശുപത്രിക്ക് പുറത്തു കാത്തുനിന്ന അനുയായികളെ അദ്ദേഹം അഭിവാദ്യം ചെയ്തു. മൂന്ന് ദിവസമാണ് ട്രംപ് ആശുപത്രിയില്‍ കഴിഞ്ഞത്.
പൂര്‍ണ്ണമായും രോഗമുക്തി നേടാതെയാണ് പ്രസിഡന്‍റ് ആശുപത്രി വിടുന്നതെന്ന് ഡോക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും, ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ രിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഉപദേശകയായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു.
കോവിഡ് ചികിത്സയ്ക്കിടെ ട്രംപ് നടത്തിയ കാര്‍ യാത്ര ഇതിനിടെ വിവാദമായിരുന്നു. അണികളെ ആവേശം കൊള്ളിക്കാനായിരുന്നു ട്രംപിന്‍റെ ചെറുയാത്ര. മറ്റുരണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. ബുള്ളറ്റ്പ്രൂഫ് കാറില്‍ മാസ്ക് ധരിച്ച് യാത്ര ചെയ്ത ട്രംപ് കൈവീശിക്കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗത്തെ നിസാരവല്‍ക്കരിക്കുന്ന ട്രംപ് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു.
Also read: US Election: തിരഞ്ഞെടുപ്പിന് മുന്‍പുള്ള സംവാദം, ട്രംപിനെ പിന്തള്ളി ജോ ബൈഡന്
അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിയ്ക്കുകയാണ്. ആ അവസരത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ട്രംപിന്‍റെ അനുമാനം. വൈകാതെ തന്നെ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്ക് വേഗം മടങ്ങിയെത്തുന്നതിന്‍റെ ഭാഗമാണ് തിടുക്കപ്പെട്ടുള്ള മടക്കമെന്നാണ് വിലയിരുത്തല്‍...
അതേസമയം, പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പായുള്ള സംവാദത്തില്‍ ബൈഡന് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇത് ട്രംപിനെ അലട്ടുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.