ന്യൂയോര്‍ക്ക്: ഒടുവില്‍ ആ പ്രഖ്യാപനം വന്നുകഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ഉണ്ടാകും എന്ന് മലയാളിയായ വിവേക് രാമസ്വാമി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷമാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെറും 37 വയസ്സ് മാത്രം പ്രായമുള്ള യുവ സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനും ആണ് വിവേക് രാമസ്വാമി. ഇതിനകം തന്നെ അമേരിക്കയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയും എന്ന് പറയാന്‍ ആവില്ല. കടുത്ത മത്സരം തന്നെ നേരിടേണ്ടിവരും.


Read Also: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാ‍ർത്ഥിയാകാൻ ഒരു മലയാളിയും! 37 വയസ്സുള്ള വിവേക് രാമസ്വാമി... അറിയേണ്ടതെല്ലാം


മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ തന്നെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. വിവേക് രാമസ്വാമിയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരാളാണ് നിക്കി ഹാലി. നിക്കിയും ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അമേരിക്കന്‍ അംബാസഡറും മുന്‍ സൗത്ത് കരോലിന ഗവര്‍ണറും ആണ് നിക്കി ഹേലി. വിവേക് രാമസ്വാമിയെ പോലെ തന്നെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായിട്ടാണ് ജനനം.


റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആരാകണം എന്ന പോരില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 51 വയസ്സുള്ള നിക്കി ഹേലിയ്ക്ക് കൈമുതലായിട്ടുള്ളത് ഗവര്‍ണര്‍ ആയും യുഎന്‍ അംബാസഡര്‍ ആയും ഉള്ള പ്രവൃത്തിപരിചയം ആണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ട്രംപ് വിരുദ്ധ ചേരിയില്‍ ആയിരുന്നു ആദ്യം മുതലേ നിക്കി. താന്‍ ഒരിക്കലും ട്രംപ് ഫാന്‍ അല്ലെന്ന് അവര്‍ നേരത്തേ വ്യക്തമാക്കിയിട്ടും ഉണ്ട്. ട്രംപും മത്സര രംഗത്തുള്ളതുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പോര് കനക്കുമെന്ന് ഉറപ്പാണ്.


വിവേക് രാമസ്വാമിയുടെ പിതാവ് വിവേക് ഗണപതി പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്. മാതാവ് ഗീത രാമസ്വാമി തൃപ്പൂണിത്തുറ സ്വദേശിയും. വിവേക് ഗണപതി ജനറല്‍ ഇലക്ട്രിക്കല്‍സില്‍ എന്‍ജിനീയര്‍ ആയിരുന്നു. ഗീത രാമസ്വാമി ജെറിയാട്രിക് ജെറിയാട്രിക് സൈക്യാട്രിസ്റ്റും. ശങ്കര്‍ രാമസ്വാമിയാണ് വിവേക് രാമസ്വാമിയുടെ സഹോദരന്‍. ഇന്ത്യന്‍ വംശജയായ അപൂര്‍വ്വ ത്രിവേദിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.


2007 ല്‍ കാംപസ് വെഞ്ച്വര്‍ നെറ്റ് വര്‍ക്കിന്റെ സഹസ്ഥാപകന്‍ ആയും പ്രസിഡന്റ് ആയും ആണ് വിവേക് രാമസ്വാമിയുടെ കരിയറിന്റെ തുടക്കം. 2007 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ക്യുവിടി ഫിനാന്‍ഷ്യല്‍സില്‍ പാര്‍ട്ണര്‍ ആയും അവരുടെ ബയോടെക് പോര്‍ട്ട് ഫോളിയോയുടെ കോ മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. 2014 ല്‍ ആണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയ്വന്റ് സയന്‍സസ് സ്ഥാപിക്കുന്നത്. മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ കമ്പനിയുടെ പ്രവര്‍ത്തനം. 2021 വരെ റോയ്വന്റ് സയന്‍സസിന്റെ സിഇഒ ആയിരുന്നു വിവേക് രാമസ്വാമി. ഇദ്ദേഹം എഴുതിയ 'വോക്, ഇന്‍ക്. : ഇന്‍സൈഡ് കോര്‍പ്പറേറ്റ് അമേരിക്കാസ് സോഷ്യല്‍ ജസ്റ്റിസ് സ്‌കാം' എന്ന പുസ്തകം അമേരിക്കയിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.


നിക്കി ഹേലിയുടെ മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്നുള്ള സിഖുകാരാണ്. പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ ആയിരുന്നു പിതാവ് അജിത് സിങ് രന്ധാവ. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ ആളാണ് മാതാവ് രാജ് കൗര്‍ രന്ധാവ. ഇവര്‍ പിന്നീട് അമേരിക്കയില്‍ എത്തി ഉന്നത ബിരുദങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ഒരു സഹോദരിയും രണ്ട് സഹോദരങ്ങളും ഉണ്ട് നിക്കി ഹേലിയ്ക്ക്. മൈക്കിള്‍ ഹേലിയാണ് ഭര്‍ത്താവ്.


അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍- അമേരിക്കന്‍ വംശജരുടേയും മറ്റ് കുടിയേറ്റക്കാരുടേയും വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ കമല ഹാരി് വൈസ് പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ടത് കുടിയേറ്റക്കാരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു. ഡെമാക്രാറ്റ് പാളയത്തില്‍ നിന്നാണ് കമല ഹാരിസ് വൈസ് പ്രസിഡന്റ് പദവിയില്‍ എത്തിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.