Vivek Ramaswamy: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാ‍ർത്ഥിയാകാൻ ഒരു മലയാളിയും! 37 വയസ്സുള്ള വിവേക് രാമസ്വാമി... അറിയേണ്ടതെല്ലാം

Vivek Ramaswamy for US Presidential Election: താൻ ഒരു യാഥാസ്ഥിതികൻ ആണെന്നാണ് പൂർണമായും വെജിറ്റേറിയനായ വിവേക് രാമസ്വാമി പറയുന്നത്. ഡൊണാൾഡ് ട്രംപ് ആണ് രാഷ്ട്രീയത്തിലെ പ്രചോദനം.

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 12:49 PM IST
  • തിരുവനന്തപുരം സ്വദേശികളായ വിവേക് ഗണപതിയുടേയും ഡോ ഗീതയുടേയും മകനാണ് വിവേക് രാമസ്വാമി
  • റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിലാണ് വിവേക് രാമസ്വാമി
  • വെറും 37 വയസ്സാണ് വിവേക് രാമസ്വാമിയുടെ പ്രായം
Vivek Ramaswamy: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാ‍ർത്ഥിയാകാൻ ഒരു മലയാളിയും! 37 വയസ്സുള്ള വിവേക് രാമസ്വാമി... അറിയേണ്ടതെല്ലാം

വാഷിങ്ടണ്‍/തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024 ല്‍ ആണ് നടക്കുന്നത്. ആരാകണം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായിത്തുടങ്ങിയിട്ടുണ്ട്. ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മുന്നിലുള്ളവരില്‍ ഒരു മലയാളികൂടി ഉണ്ട് എന്നതാണ് ശ്രദ്ധേയം. മാതാപിതാക്കള്‍ തനി മലയാളികള്‍ ആയ, വെറും 37 വയസ്സ് മാത്രം പ്രായമുള്ള ഒരു ബിസിനസ്മാന്‍.

വിവേക് രാമസ്വാമി എന്നാണ് ആ ചെറുപ്പക്കാരന്റെ പേര്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയാണ് വിവേക് രാമസ്വാമിയുടെ ശ്രമം. ഡൊണാള്‍ഡ് ട്രംപും റോണ്‍ ഡെ സാന്റിസും മൈക്ക് പോംപിയോയും എല്ലാം അണിനിരക്കുന്ന മത്സരത്തിലേക്കാണ് വിവേക് രാമസ്വാമി പ്രവേശിക്കുന്നത്. നിക്കി ഹാലി ഇതിനകം തന്നെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. തഴക്കം വന്ന ഈ നേതാക്കളെ മറികടന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ വിവേക് രാമസ്വാമിക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്.

Read Also: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്; മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം സ്വദേശികളായിരുന്ന വിവേക് ഗണപതിയുടേയും ഡോ ഗീതയുടേയും മകനാണ് വിവേക് രാമസ്വാമി. വിവേക് ഗണപതിയും ഡോ ഗീതയും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഒഹായോവിലെ ജനറല്‍ ഇലക്ട്രിക്കല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്നു വിവേക് ഗണപതി. സിന്‍സിനാറ്റിയില്‍ ജെറിയാട്രിക് സൈക്യാട്രിസ്റ്റ് ആയിരുന്നു ഡോ ഗീത. അപൂര്‍വ്വ തിവാരിയെയാണ് വിവേക് രാമസ്വാമി വിവാഹം കഴിച്ചിട്ടുള്ളത്. ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്.

1985 ഓഗസ്റ്റ് 9 ന് സിന്‍സിനാറ്റിയില്‍ ആയിരുന്നു വിവേക് രാമസ്വാമിയുടെ ജനനം. സെന്റ് സേവ്യര്‍ ഹൈസ്‌കൂളിലും ഹാര്‍വാര്‍ഡ് കോളേജിലും യേല്‍ ലോ സ്‌കൂളിലും ആയിരുന്നു പഠനം. ഒരു മികച്ച ടെന്നീസ് കളിക്കാരന്‍ കൂടിയാണ് വിവേക് രാമസ്വാമി.

37-ാം വയസ്സിനുള്ളില്‍ ജീവിതത്തില്‍ വലിയ വിജയങ്ങളും നേട്ടങ്ങളും കൊയ്‌തെടുത്തിട്ടുണ്ട് വിവേക് രാമസ്വാമി. 2007 ല്‍ കാംപസ് വെഞ്ച്വര്‍ നെറ്റ് വര്‍ക്കിന്റെ സഹസ്ഥാപകന്‍ ആയും പ്രസിഡന്റ് ആയും ആണ് കരിയറിന്റെ തുടക്കം. 2007 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ക്യുവിടി ഫിനാന്‍ഷ്യല്‍സില്‍ പാര്‍ട്ണര്‍ ആയും അവരുടെ ബയോടെക് പോര്‍ട്ട് ഫോളിയോയുടെ കോ മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. 

Read Also: വിശ്വോത്തര ചെസ് താരമായ സാറ ഖാദീമിന്റെ വിധി... സ്വന്തം രാജ്യം അന്യം; തല മറയ്ക്കാതെ പ്രതിഷേധിച്ചതിനുള്ള ശിക്ഷ

2014 ല്‍ ആണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയ്വന്റ് സയന്‍സസ് സ്ഥാപിക്കുന്നത്. മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ കമ്പനിയുടെ പ്രവര്‍ത്തനം. 2021 വരെ റോയ്വന്റ് സയന്‍സസിന്റെ സിഇഒ ആയിരുന്നു വിവേക് രാമസ്വാമി. ഇതിനിടെ 2020 ല്‍ ചാപ്റ്റര്‍ മെഡികെയറിന്റെ കോ- ഫൗണ്ടറും ആയി. 2021 ല്‍ റോയ്വന്റ് സയന്‍സസിന്റെ സിഇഒ സ്ഥാനം ഉപേക്ഷിച്ചിറങ്ങിയത് ഒരു പുസ്തകം എഴുതാന്‍ ആയിരുന്നു. 'വോക്, ഇന്‍ക്. : ഇന്‍സൈഡ് കോര്‍പ്പറേറ്റ് അമേരിക്കാസ് സോഷ്യല്‍ ജസ്റ്റിസ് സ്‌കാം' എന്നാണ് പുസ്തകത്തിന്റെ പേര്. ഇത് അമേരിക്കയിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിയ്ക്കുകയും ചെയ്തു.

നിലവില്‍ ഒഹായോ കേന്ദ്രീകരിച്ചുള്ള അസ്സെറ്റ് മാനേജ്‌മെന്റ് കമ്പനിയായ സ്‌ട്രൈവ് അസ്സെറ്റ് മാനേജ്‌മെന്റിന്റെ കോ ഫൗണ്ടര്‍ ആണ് വിവേക് രാമസ്വാമി. മരുന്ന് വികസിപ്പിക്കുന്ന മേഖലകളിലെ സംഭാവന പരിഗണിച്ച് 2015 ല്‍ വിവേക് രാമസ്വാമിയെ ഫോര്‍ബ്‌സ് മാസിക അവരുടെ കവര്‍ചിത്രമാക്കിയിരുന്നു. 

അമേരിക്കയില്‍ ഇപ്പോള്‍ തന്നെ വിവേക് രാമസ്വാമി ശ്രദ്ധ നേടിക്കഴിഞ്ഞു. ആന്റി ഇഎസ്ജി ക്രുസേഡര്‍ എന്നാണ് മാധ്യമങ്ങളാല്‍ വിളിക്കപ്പെടുന്നത്. ഒരു സ്വയം പ്രഖ്യാപിത 'യാഥാസ്ഥിതികന്‍' കൂടിയാണ് ഈ ചെറുപ്പക്കാരന്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയമാണ് വിവേക് രാമസ്വാമിയുടെ പ്രചോദനം എന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം ഒഹായോവില്‍ നിന്നുള്ള സെനറ്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വിവേക് രാമസ്വാമി പരിഗണിക്കപ്പെടും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഇത്തവണ വിവേക് രാമസ്വാമി ലക്ഷ്യമിടുന്നത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News