സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക.
വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക.
സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്ന് ഭീകരരെ തുരത്താന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ബോള്‍ടണ്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കും. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദുഖം രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ഭീകരസംഘടനകള്‍ക്കുള്ള സുരക്ഷിത താവളമാകരുത് പാക്കിസ്ഥാനെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയെന്നും പോംപിയോ പറഞ്ഞു.
അത്യന്തം നീചമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പ്രതികരിച്ചു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഈ ഭീകരസംഘടനകളുടെ ഏക ലക്ഷ്യം മേഖലയിലെമ്പാടും അക്രമവും അശാന്തിയും ഭയവും വിതയ്ക്കുകയാണെന്നും സാറ പറഞ്ഞു.