Year Ender 2022: ഭീഷ്മപർവം മുതൽ സൗദി വെള്ളക്ക വരെ; 2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രങ്ങൾ

Best of 2022: നിരവധി ഹിറ്റ് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച വർഷമാണ് 2022. മലയാള സിനിമയ്ക്ക് ഇത് ഹിറ്റുകളുടെ കാലമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 01:57 PM IST
  • 2022 ഒരുപാട് ഹിറ്റുകളുടെ കാലമായിരുന്നു.
  • വർഷം തുടങ്ങിയത് തന്നെ ഹിറ്റ് ചിത്രത്തോടെയായിരുന്നു.
  • വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം സൂപ്പർ ഹിറ്റ് ആയതോടെ മികച്ച തുടക്കമാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.
Year Ender 2022: ഭീഷ്മപർവം മുതൽ സൗദി വെള്ളക്ക വരെ; 2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രങ്ങൾ

മലയാള സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം 2022 ഒരുപാട് ഹിറ്റുകളുടെ കാലമായിരുന്നു. വർഷം തുടങ്ങിയത് തന്നെ ഹിറ്റ് ചിത്രത്തോടെയായിരുന്നു. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം സൂപ്പർ ഹിറ്റ് ആയതോടെ മികച്ച തുടക്കമാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി മികച്ച സിനികൾ സമ്മാനിക്കാൻ മലയാളി സംവിധായകർക്കും എഴുത്തുകാർക്കും നിർമ്മാതാക്കൾക്കും സാധിച്ചു. മറ്റ് സിനിമ മേഖലയിൽ നിന്നുള്ളവർക്ക് അസൂയ തോന്നിക്കും വിധം മികച്ച കണ്ടന്റുകൾ സൃഷ്ടിക്കുന്നവരാണ് മലയാളത്തിലെ എഴുത്തുകാർ. മലയാളത്തിലെ എഴുത്തുകാരോടാണ് തനിക്ക് അസൂയ എന്ന് രാജമൗലി അടുത്തിടെ പറഞ്ഞിരുന്നു. 

മികച്ച സിനിമകൾ മാത്രമല്ല, മികച്ച പുതുമുഖ അഭിനേതാക്കളെയും, നവാ​ഗത സംവിധായകരെയും, എഴുത്തുകാരെയും ഒക്കെ ഈ വർഷം മലയാളിക്ക് ലഭിച്ചു. 2022ൽ ഇറങ്ങിയ ചില മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം...

ഭീഷ്മപർവം - ബി​ഗ് ബിക്ക് ശേഷം അമൽ നീരദ് -  മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങി റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പർവം. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരുന്നു. മാർച്ചിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 

ജന​ഗണമന - ജന ​ഗണ മന ​ഗംഭീര വിജയമാണ് നേടിയത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 50 കോടിയലധികം കളക്ഷൻ നേടിയിരുന്നു. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ജന ഗണ മന. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് ജന​ഗണമന ഇറങ്ങും മുൻപ് തന്നെ സൂചനകൾ ലഭിച്ചിരുന്നു. രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ആ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള സൂചനകൾ പൃഥ്വിരാജ് അടുത്തിടെ നൽകിയിരുന്നു.

പുഴു - സോണി ലിവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് പുഴു. മെയ് 13നായിരുന്നു റിലീസ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്തത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായിരുന്നു.

ന്നാ താൻ കേസ് കൊട് - കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. ഓ​ഗസ്റ്റ് 11ന് തിയേറ്ററിൽ എത്തിയ ചിത്രം ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്യുന്നുണ്ട്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. സാധാരണ ജനങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയെന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. കഥയും കാസർകോട് സ്ലാങ്ങും എല്ലാം കൂടി ഒത്ത് ചേർന്നപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യവിരുന്നാണ് ലഭിച്ചത്. നായകനെ പട്ടി കടിക്കുന്നതിൽ നിന്നാണ് സിനിമയുടെ കഥ മുന്നേറുന്നത്. നിരവധി വിവാദങ്ങൾ ഉടലെടുത്തെങ്കിലും ചിത്രത്തിന്റെ വിജയത്തെ അൽപം പോലും ഇവ ബാധിച്ചിരുന്നില്ല.

തല്ലുമാല - തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനായ ചിത്രം നെറ്റ്ഫ്ലിക്സിലും സ്ട്രീം ചെയ്യുന്നുണ്ട്. ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ പാട്ടുകളും സിനിമയുടെ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം സിനിമയുടെ മേക്കിം​ഗും പ്രേക്ഷകർ എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. തല്ലുകളുടെ ഒരു മാല തന്നെയാണ് ചിത്രം.

റോഷാക്ക് - മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് റോഷാക്ക്. ഡിസ്നി ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ഒക്ടോബർ 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സിനിമയാണ് റോഷാക്ക്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. മമ്മൂട്ടിക്ക് പുറനെ ചിത്രത്തിൽ ആസിഫ് അലി, ബിന്ദു പണിക്കർ, ഷറഫുദീൻ, സഞ്ജു ശിവരാം, ഗ്രേസ് ആന്റണി, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Pathu Thala Movie: ചിമ്പുവിന്റെ 'പത്ത് തല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

 

ഭൂതകാലം - ഷെയിന്‍ നിഗവും, രേവതിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ഭൂതകാലം. ഒരു മരണവും ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അമ്മയും മകനുമായി ആണ് ഷെയിൻ നിഗവും രേവതിയും എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെയാണ് (Sony Liv) റിലീസ് ചെയ്തത്.

ജയ ജയ ജയ ജയ ഹേ - ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലും സ്ട്രീം ചെയ്യുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ജയ ജയ ജയ ജയ ഹേ സ്ട്രീമിങ്. സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപ്സ്റ്റിക് കോമഡിയിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് - 2022ൽ ഇറങ്ങിയതിൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ജനുവരി 1ന് അതായത് ഇന്ന് അർധരാത്രി മുതൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 

സൗദി വെള്ളക്ക - തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണിത്. ഡിസംബർ 9ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ​ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. രാഷ്ട്രീയപരമായും മറ്റും ബന്ധപ്പെട്ടുള്ള കേരളത്തിലെ കാലിക പ്രസ്കതിയുള്ള വിഷയങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. കോടതി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ ചിത്രം ജനുവരി ആറിന് സോണി ലിവിൽ സ്ട്രീം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News