കോട്ടയം: കോട്ടയത്ത് എംഡിഎംഎയും കഞ്ചാവുമായി ആയുർവേദ തെറാപിസ്റ്റ് പിടിയിൽ. പെരുവന്താനം തെക്കേ മല സ്വദേശി ഫിലിപ്പ് മൈക്കിൾ (24) ആണ് പിടിയിലായത്. ഇയാളെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 2.2 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാം​ഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വിൽക്കാൻ കോട്ടയത്ത് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്തുന്നതിന് ഉപയോ​ഗിച്ച കർണാടക രജിസ്ട്രേഷനിലുള്ള മാരുതി എർട്ടി​ഗ കാറും കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നയാളാണ് ഫിലിപ്പ് മൈക്കിൾ. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് സംശയിക്കുന്നു.


കഴിഞ്ഞ രണ്ട് മാസമായി ഇയാളുടെ ഫോൺ ഉൾപ്പെടെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ബാം​ഗ്ലൂരിൽ നിന്ന് മാരക മയക്കുമരുന്നുകളുമായി സ്വകാര്യ ആഡംബര കാറിൽ എത്തി പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ വിൽപന നടത്തുകയാണ് ഇയാളുടെ രീതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി ബന്ധം സ്ഥാപിച്ച് അവരെയും മയക്കുമരുന്ന് വിൽപനയ്ക്കായി ഉപയോ​ഗിച്ചിരുന്നു.


ALSO READ: ആർമി സ്റ്റിക്കർ ഒട്ടിച്ച കാറിൽ; 12.5 കിലോ കഞ്ചാവുമായി യുവാവ്, പൊക്കിയത് ഷാഡോ ടീം


കോട്ടയത്തുള്ള ഒരു യുവതിയുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റിംഗ് നടത്തിയതിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ നിന്നാണ് ഇയാൾ ബാംഗ്ലൂരിൽ നിന്ന് കോട്ടയത്ത് വരുന്നതായി സൂചന ലഭിച്ചത്. തുടർന്ന് കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. കോട്ടയത്ത് വരുബോൾ യുവതിയെ നേരിട്ട് കാണാമെന്ന് ഇയാൾ ഇൻസ്റ്റഗ്രാമിൽ അയച്ച സന്ദേശം എക്സൈസിന് ലഭിച്ചിരുന്നു.


മയക്കുമരുന്നിന്റെ വൻ ശേഖരവുമായി ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ഇയാൾ വിവിധ ജില്ലകളിൽ വിൽപന നടത്തിയ മയക്കുമരുന്നും കച്ചവടക്കാരെയും പിടികൂടുന്നതിനായി എക്സൈസ് ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി നോക്കിയ ഇയാൾ കർണ്ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിൽ പ്രധാന കണ്ണിയാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും സംഭവത്തിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് അറിയിച്ചു.


പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ബിനോദ് കെആർ, അനു വി. ഗോപിനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെഎസ്, നിഫി ജേക്കബ്, പ്രശോഭ് കെവി, വിനോദ് കുമാർ വി, ഹാംലെറ്റ്, രജിത്ത് കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയ രശ്മി, ധന്യ മോൾ എംപി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവരും പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.