തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രശ്നം പാർട്ടി കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ആർക്കും ഒരു പൈസ പോലും നഷ്ടമാകില്ല. അവരെയെല്ലാം സംരക്ഷിക്കുകയും അതോടൊപ്പം തന്നെ ബാങ്കിനെ സംരക്ഷിക്കാനുമുള്ള നടപടികളാണ് പാർട്ടി സ്വീകരിച്ചു വരുന്നതെന്നും ഇപി ജയരാജൻ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സഹകരണ മേഖലയിൽ മാത്രമല്ല ഒരു സ്ഥലത്തും അഴിമതിക്കാരെ സംരക്ഷിക്കുന്ന പാർട്ടി അല്ല സിപിഎമ്മെന്ന് ഇപി ജയരാജൻ പറഞ്ഞു. അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിക്ക് തെറ്റുപറ്റിയത് കൊണ്ടാണ് ഇപ്പോൾ കരുവന്നൂർ ബാങ്ക് അഴിമതി പ്രശ്നമായി മാറിയത്.


തൃശ്ശൂർ ഇത്തവണയും പിടിച്ചെടുക്കാൻ ബിജെപിക്കും സുരേഷ് ഗോപിയ്ക്കും കഴിയില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. നേരത്തെ ഉണ്ടായിരുന്ന അംഗീകാരം പോലും ഇപ്പോൾ ഇല്ല. സുരേഷ് ഗോപിക്ക് ജനങ്ങൾക്കിടയിലുള്ള ആദരവ് കുറഞ്ഞ വരികയാണ്. സുരേഷ് ഗോപിക്ക് പോലും അറിയില്ല അദ്ദേഹം എന്തൊക്കെ പ്രസ്താവനയാണ് നടത്തുന്നത്.


സുരേഷ് ഗോപി രാഷ്ട്രീയ രംഗത്ത് കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടത്. ഏത് ലോകത്താണ് സുരേഷ് ഗോപി? തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് അനുകൂലമായി വരില്ല. തൃശൂരിലും പരിസരപ്രദേശങ്ങളിലും സുരേഷ് ഗോപിക്ക് അനുകൂലമായ ഒരു സാഹചര്യവും നിലവിൽ ഇല്ല. സുരേഷ് ഗോപി ഒരു പ്രദർശനം മാത്രമായിരിക്കും.


ALSO READ: Karuvannur Bank Scam: കരുവന്നൂർ തട്ടിപ്പ്; ഇഡിക്കെതിരെ പരാതി കൊടുത്ത ന​ഗരസഭ കൗൺസിലർ വീണ്ടും കസ്റ്റഡിയിൽ


ഇന്ത്യൻ രാഷ്ട്രീയം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആപത്ത് വർഗീയതയും ഫാസിസവും തന്നെയാണ്. ഇത് മുൻനിർത്തിയാവും ഇത്തവണ ലോക്സഭയിൽ ഇടതുമുന്നണി വോട്ട് തേടുക. കേരളത്തിലെ ഇടതു സർക്കാറിന്റെ  ജനക്ഷേമപരമായ നേട്ടങ്ങൾ മുൻനിർത്തി വോട്ട് ചോദിക്കും. സർക്കാരിന്റെ ആനുകൂല്യം ലഭിക്കാത്ത ആരും കേരളത്തിലില്ല.


ആരെന്തു പറഞ്ഞാലും ജനങ്ങൾ ഇടതുമുന്നണിക്ക് വോട്ട് ചെയ്യും. പാർട്ടി ആവശ്യപ്പെട്ടാലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. പാർലമെന്റ് രംഗത്ത് നിന്നും പൂർണമായും താൻ പിൻവാങ്ങി. ഇത് വരുന്ന കാലത്തും തന്റെ ജീവിതത്തിൽ പാലിക്കും. ആരോഗ്യ കാര്യങ്ങൾ നോക്കി സംഘടനാ പ്രവർത്തനവുമായി മുന്നോട്ടു പോകും. ഞങ്ങളൊക്കെ ഇനി ചെയ്യേണ്ടത് പുതുതലമുറയ്ക്ക് അവസരം  നൽകുകയാണ്.


ഇടയ്ക്ക് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നു എന്നുള്ള വാർത്ത ഒരു മാധ്യമസൃഷ്ടി മാത്രമാണ്. കണ്ണൂരിലെ റിസോർട്ട് വിവാദം പാർട്ടിക്കുള്ളിൽ നിന്നുണ്ടായതല്ലെന്നും മാധ്യമസൃഷ്ടി മാത്രമാണെന്നും ഇപി ജയരാൻ പറ‍ഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനങ്ങൾ ഒന്നും ഇതുവരെ ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ല. കേരള കോൺഗ്രസ് രണ്ടാം സീറ്റ് ആവശ്യപ്പെട്ടാൽ ചർച്ച ചെയ്തു തീരുമാനമെടുക്കും.


ഇടതുപക്ഷ മുന്നണി കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ടുപോകും. ലീഗിന് എൽഡിഎഫിലേക്കുള്ള വാതിൽ പൂർണമായി അടച്ചിട്ടില്ലെന്ന സൂചനയും ഇപി ജയരാജൻ നൽകുന്നു. ലീഗിന് പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോട് താൽപര്യമാണ്. അവർ പിന്തുണയ്ക്കുന്നുമുണ്ട്.


മുന്നണി മാറ്റം തീരുമാനിക്കേണ്ടത് ലീഗാണെന്നും ഇപി പറഞ്ഞു. ഇൻഡിഗോ വിമാന കമ്പനിയുമായുള്ള പ്രശ്നം അവസാനിച്ചിട്ടില്ല. കണ്ണൂർ യാത്രയ്ക്ക് ഇപ്പോൾ ഏറ്റവും സൗകര്യം വന്ദേ ഭാരത് ട്രെയിനുകളാണ്. ഭക്ഷണവും കിട്ടും പണവും കുറവാണ്. സമയത്തിലും വലിയ വ്യത്യാസമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.