Drug party | തിരുവനന്തപുരത്തെ ലഹരിപാർട്ടി; സംഘാടകരും അതിഥികളും പിടിയിൽ
പൂവാറിലുള്ള കാരക്കാട്ടിൽ എന്ന റിസോർട്ടിലാണ് ലഹരിപാർട്ടി നടത്തിയത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂവാറിലുള്ള കാരക്കാട്ടിൽ എന്ന റിസോർട്ടിലാണ് ലഹരിപാർട്ടി നടത്തിയത്.
ഇന്നലെ രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി തുടങ്ങിയെതന്നാണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. റിസോർട്ടിൽ പരിശോധന തുടരുകയാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു.
ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ഇയാൾക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തതായാണ് വിവരം. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്.
പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി. പൂവാർ ഐലൻഡിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിൽ മാത്രമേ റിസോർട്ടിലേക്ക് പ്രവേശിക്കാനാകൂ. റിസോർട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചതെന്നാണ് സംശയിക്കുന്നത്.
ALSO READ: Models Death | ചൂതാട്ട കേന്ദ്രം കണ്ടെത്തി, കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പരിശോധന
എംഡിഎംഎ, പിൽസ്, ക്രിസ്റ്റൽ, സ്റ്റാമ്പ്, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റിസോർട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
ബംഗളൂരുവിൽ നിന്ന് എക്സൈസ് സംഘനത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്ത പലരും ലഹരിയുടെ മയക്കത്തിലായതിനാൽ ചോദ്യം ചെയ്യലിന് തടസ്സമുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...