Moral Policing: അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം: പ്രതി പിടിയിൽ
തെക്കുംഭാഗം ആശിഷ് മൻസിലിൽ ആശിഷ് ഷംസുദ്ദീനാണ് സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പോലീസ് പിടിയിലായത്.
കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിൽ (Beach) അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ (Moral Policing) പ്രതി പിടിയിൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് (Police) പിടികൂടികൂടുകയായിരുന്നു. തെക്കുംഭാഗം ആശിഷ് മൻസിലിൽ ആശിഷ് ഷംസുദ്ദീനാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം ആശിഷിന്റെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബന്ധുക്കളുടെ വീടുകളിൽ തിരച്ചിൽ നടത്താനിരിക്കെയാണ് തെന്മലയിൽ നിന്ന് പിടികൂടിയത്. ഇയാൾ പരവൂരിൽനിന്ന് ചരക്ക് ലോറിയിൽ തമിഴ്നാട്ടിലേക്ക് കടന്നതായി പരവൂർ പോലീസിന് വിവരം ലഭിച്ചിരുന്നു. ചരക്കിറക്കി മടങ്ങുകയായിരുന്ന ടോറസ് ലോറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാരകായുധം കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുക, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
പരവൂര്‍ തെക്കുംഭാഗം ബീച്ച് റോഡിൽ തിങ്കളാഴ്ച വൈകിട്ടാണ് എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജ്ന മൻസിലിൽ ഷംല (44), മകന്‍ സാലു (23)എന്നിവർ ആക്രമണത്തിനിരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷംലയുടെ ചികിത്സ കഴിഞ്ഞു മടങ്ങുംവഴിയാണ് സംഭവം. ബീച്ചിന് സമീപത്തെ കടയിൽനിന്ന് ഭക്ഷണം വാങ്ങി കാറിലിരുന്ന് കഴിക്കാനായി പോകുന്നതിനിടയിൽ ബൈക്കിൽ എത്തിയ ആശിഷ് സദാചാരം ആരോപിച്ച് ഇരുവരെയും ചോദ്യംചെയ്‌തു. അമ്മയും മകനും ആണെന്നു പറഞ്ഞപ്പോൾ തെളിവു കാട്ടണമെന്ന് ആവശ്യപ്പെട്ടു.
ആക്രമണം ഭയന്ന് സാലു കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ആശിഷ് കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് കാറിന്റെ ചില്ല് അടിച്ചുതകർത്തു. കാറിൽനിന്ന് ഇറങ്ങിയ സാലുവിനെ കമ്പിവടി കൊണ്ട് മാരകമായി മർദിച്ചു. മർദനത്തിൽ സാലുവിന്റെ വലതുകൈക്കും തോളിലും പരിക്കേറ്റു. ആക്രമണം തടയാനെത്തിയ ഷംലയെയും ഇയാൾ ആക്രമിച്ചു.
Also Read: Moral policing: മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം; യുവാവിനെ സംഘം ചേർന്ന് മർദിച്ചു
തുടർന്ന് പരവൂർ പോലീസ് സ്റ്റേഷനിലെത്തി ഷംല പരാതി നൽകി. രാമറാവു ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരെയും വിദഗ്ധ ചികിത്സയ്‌ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഷംല വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. തെക്കുംഭാഗം ബീച്ച് കേന്ദ്രീകരിച്ച് സ്വർണവും പണവും തട്ടുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ആക്രമണത്തിനിരയാകുന്ന പലരും ഭയന്ന് വിവരം പുറത്തുപറയാറില്ല.
Also Read: കോഴിക്കോട് സരോവരം പാർക്കിൽ സദാചാര പോലീസിങ്ങ്; ലൈവ് വീഡിയോ പുറത്ത് വിട്ട് വിദ്യാർത്ഥികൾ
അതേസമയം ആടിനെ കാറിടിച്ചതു ചോദ്യം ചെയ്തപ്പോൾ തന്റെ സഹോദരനെ മർദിച്ചെന്ന് ആരോപിച്ച് ആശിഷിന്റെ അഭിഭാഷകയായ (Advocate) സഹോദരി സംഭവ ദിവസം രാത്രി വൈകി പോലീസിൽ (Police) പരാതി നൽകിയിരുന്നു. ഇതു കേസ് (Case)അട്ടിമറിക്കാനുള്ള നീക്കമാണെന്നു ഷംലയുടെ ബന്ധുക്കൾ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...