കോഴിക്കോട്: കോഴിക്കോട് സരോവരം പാർക്കിലിരുന്ന വിദ്യാർത്ഥികളെ അപമാനിച്ച് പുറത്താക്കാൻ ശ്രമിച്ച സദാചാര പോലീസ് സംഘം ഫേസ്ബുക്ക് ലൈവിൽ കുടുങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
സരോവരം പാർക്കിൽ പ്രവേശന ടിക്കറ്റെടുത്ത് കയറിയ വിദ്യാർത്ഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കണ്ട് അവിടേക്ക് വന്ന വനിതാ സെക്യൂരിറ്റിയാണ് 'ഇവിടെ ഇതൊന്നും പറ്റില്ല' എന്ന് പറഞ്ഞ് ഇറക്കി വിടാൻ നോക്കിയത്. എന്നാൽ തങ്ങൾ അസഭ്യമായ രീതിയിലല്ല ഇരിക്കുന്നതെന്നും അതിനാൽ എഴുന്നേൽക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയതോടെ ചുറ്റും ആളുകൾ കൂടി. പിന്നെ, കൂട്ടം ചേർന്നായിരുന്നു അസഭ്യവർഷമെന്ന് പെൺകുട്ടി പറയുന്നു.
മടിയിൽ കിടന്നുള്ള വർത്തമാനം ഇവിടെ നടക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിദ്യാർത്ഥികളെ അപമാനിച്ചത്. അപമാനിക്കൽ തുടർന്നപ്പോൾ ഫേസ്ബുക്ക് വഴി സംഭവം ലൈവ് ആയി വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്തു.
പോലീസിനെ വിളിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും സദാചാര പോലീസ് ചമഞ്ഞെത്തിയവർ അതിന് മുതിർന്നില്ല. വനിതാ സെക്യൂരിറ്റിയും പാർക്കിന്റെ മാനേജരാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീയും മറ്റൊരു മധ്യവയ്കനുമാണ് വിദ്യാർത്ഥികളുമായി വാഗ്വാദത്തിൽ ഏർപ്പെട്ടത്. വിദ്യാർത്ഥികളോട് അസഭ്യമായി സംസാരിച്ച വനിതാ സെക്യൂരിറ്റിയെ ചിലർ വിലക്കിയെങ്കിലും അവർ ശകാരം തുടർന്നു.
തിരുവനന്തപുരം കനകക്കുന്നിൽ ഒരുമിച്ചിരുന്ന് സംസാരിച്ച യുവാവിനെയും യുവതിയെയും പിങ്ക് പോലീസ് ശകാരിച്ച് ഇറക്കിവിട്ടത് വിവാദമായിരുന്നു. അതിന് സമാനമായ സംഭവമാണ് കോഴിക്കോട് സരോവരം പാർക്കിലും സംഭവിച്ചത്.