മലപ്പുറം: പെൺകുട്ടിയുമായി വാട്സാപ്പിൽ (Whatsapp) ചാറ്റ് ചെയ്തെന്ന് ആരോപിച്ച് യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മലപ്പുറം തിരൂർ തലക്കടത്തൂരാണ് സംഭവം. വാണിയന്നൂർ തടത്തിൽ മുഹമ്മദിന്റെ മകൻ സൽമാനുൽ ഫാരിസിന് (23) നേരെയാണ് ആക്രമണമുണ്ടായത് (Attack).
സൽമാനുൽ ഫാരിസ് സ്കൂട്ടറിൽ പോകുന്നതിനിടെ തടഞ്ഞ് വച്ച് മർദിക്കുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ സഹോദരൻ അടക്കം ഏഴ് പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. പരിക്കേറ്റ ഫാരിസ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മർദ്ദനമേറ്റ വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. സമൂഹ മാധ്യമത്തിലൂടെയാണ് വീട്ടുകാരും വിവരം അറിഞ്ഞത്. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ (Social media) ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട മലപ്പുറം എസ്പിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഫാരിസിന്റെ മാതാവ് സുഹ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, മന്ത്രി വി അബ്ദുറഹിമാൻ എന്നിവർക്കും പരാതി നൽകി.
മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഴ് പേർക്കും പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...