Religious Treatment: ചികിത്സ കിട്ടാതെ 11കാരി മരിച്ച സംഭവം, പിതാവും മന്ത്രവാദം നടത്തിയ ആളും അറസ്റ്റിൽ
പനി ബാധിച്ചപ്പോള്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നല്‍കിയിട്ടുണ്ട്.
Kannur: പനി ബാധിച്ചിട്ടും ചികിത്സ കിട്ടാതെ 11കാരി മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ (Arrest). ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താറും മന്ത്രവാദം നടത്തിയ ആളുമാണ് പിടിയിലായത്. മതവിശ്വാസത്തിന്റെ പേരിൽ പനി ബാധിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചതായും ചികിത്സയ്ക്ക് പകരം കുട്ടിക്ക് ജപിച്ച് ഊതൽ (Religious Treatment) നടത്തിയതായും പോലീസ് (Police) സ്ഥിരീകരിച്ചിരുന്നു.
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മറ്റൊരു ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പനി ബാധിച്ചപ്പോള്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിക്ക് മറ്റുരീതിയിലുള്ള ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നിട്ടില്ലെന്നും മന്ത്രവാദം നടത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഏതു തരത്തിലുള്ള മന്ത്രവാദമാണു നടന്നതെന്നും കുട്ടിയെ ഡോക്ടറെ കാണിക്കരുതെന്ന് ആരെങ്കിലും നിർദേശിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചിരുന്നു. സിറ്റി എസിപി പി.പി. സദാനന്ദൻ, സിറ്റി ഇൻസ്പെക്ടർ കെ. രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
മന്ത്രവാദ ചികിത്സ പിന്തുടർന്ന വീട്ടുകാർ യഥാസമയം വൈദ്യ ചികിത്സ നൽകാഞ്ഞതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഒക്ടോബർ 31നാണ് നാലുവയലിൽ ഹിദായത്ത് വീട്ടിലെ എം എ ഫാത്തിമ എന്ന 11കാരിക്ക് ദാരുണാന്ത്യം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...