ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തി.... 


COMMERCIAL BREAK
SCROLL TO CONTINUE READING

അ​യോ​ധ്യ ഭൂമി തര്‍ക്ക കേ​സില്‍ സു​പ്രീം​കോ​ട​തി അന്തിമ വിധി പ്രഖ്യാപിച്ചു. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന് സുപ്രീംകോടതി ഉത്തരവായി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോഗോ​യ് അദ്ധ്യക്ഷനായ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചാണ് ​വി​ധി പ്ര​സ്താവിച്ചത്. 


കേ​സി​ല്‍ 40 ദി​വ​സം നീ​ണ്ട തു​ട​ര്‍ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്. 


2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ 3 സുപ്രധാന കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 


1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷമാണ് കേസുകളെല്ലാം അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നത്. പതിന‍ഞ്ച് വര്‍ഷം കൊണ്ട് 9 മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്‍റെ മൂന്നിലൊന്ന് ഭാഗം. അതായത് ശ്രീരാമന്‍റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം ഇത് ഈ വസ്തുവിന്‍റെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ടു വെളിയിലുള്ള മൂന്നിലൊന്നു ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച മൂന്നു പക്ഷവും പിന്നീട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


1526- 2019 വരെ യാണ് അയോധ്യ ഭൂമി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നത്. പിന്നിട്ട ചരിത്ര വഴികള്‍ ഏതെന്ന് നോക്കാം... 


1526 മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിലേക്ക്. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി.
1528 പാനിപ്പത്ത് യുദ്ധവിജയത്തിന്‍റെ സ്മരണയ്ക്കായി ബാബറിന്‍റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്‍റെ കമാന്‍ഡറായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.
1853 അയോധ്യയിലുണ്ടായ ശ്രീരാമക്ഷേത്രം തകര്‍ത്താണ് മുഗളന്മാര്‍ പള്ളി സ്ഥാപിച്ചതെന്ന് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിര്‍മോഹി അഖാഡ അവകാശപ്പെട്ടു. ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന് തുടക്കം
1885 തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതിതേടി മഹന്ത് രഘുബീര്‍ ഫൈസാബാദ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. 1946 അഖില ഭാരതീയ രാമായണ മഹാസഭ തര്‍ക്കഭൂമിയുടെ അവകാശമാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി.
1949 മസ്ജിദിനകത്ത് കാണപ്പെട്ട ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.
1950 മസ്ജിദിലെ വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയില്‍
1959 തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച്‌ നിര്‍മോഹി അഖാഡ കോടതിയെ സമീപിച്ചു.
1981 അവകാശത്തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയില്‍
1986 ഫെബ്രുവരി 01-തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ കീഴ്കോടതിയുടെ ഉത്തരവ്
1989 നവംബര്‍ 09-തര്‍ക്കഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു
1990 സെപ്റ്റംബര്‍-രാമക്ഷേത്രനിര്‍മാണത്തിന് പിന്തുണതേടി എല്‍. കെ. അദ്വാനിയുടെ രഥയാത്ര, പലയിടങ്ങളിലും സംഘര്‍ഷം
1991 ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. അധികാരത്തില്‍, മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിന്‍റെ 2.77 ഏക്കര്‍ യു.പി. സര്‍ക്കാര്‍ ഏറ്റെടുത്തു.
1992 ഡിസംബര്‍ 06-അയോധ്യയില്‍ വി.എച്ച്‌.പി. റാലി, വൈകീട്ടോടെ കാര്‍സേവ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യമെങ്ങും സംഘര്‍ഷം. കലാപത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു
1992 ഡിസംബര്‍ 16- ബാബറി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു
1994 ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്
2002 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയില്‍
2010 സെപ്റ്റംബര്‍ 30- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ചരിത്രവിധി
2011 മേയ് 9-അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
2017 മാര്‍ച്ച്‌- കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്‍റെ നിര്‍ദേശം
2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
2018 ജൂലായ് 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു
2019 ജനുവരി എട്ട്-കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ചുണ്ടാക്കി
2019 ജനുവരി 29-തര്‍ക്കഭൂമിയില്‍നിന്ന് പിടിച്ചെടുത്ത 67 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
2019 ഫെബ്രുവരി 26 - കേസില്‍ മധ്യസ്ഥതയ്ക്ക് കോടതി
2019 മാര്‍ച്ച്‌ എട്ട്- മുന്‍ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതിക്ക് സുപ്രീംകോടതി രൂപംനല്‍കി.
2019 മേയ് 10-മധ്യസ്ഥ സമിതി കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി
2019 ഓഗസ്റ്റ് 06 -കേസില്‍ സുപ്രീംകോടതി വിചാരണ തുടങ്ങി, ഒക്ടോബര്‍ 18-നുമുമ്ബ് വിചാരണ തീര്‍ക്കാന്‍ കോടതി
2019 ഒക്ടോബര്‍ 14 - അയോധ്യയില്‍ ഡിസംബര്‍ പത്തുവരെ യു.പി. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
2019 ഒക്ടോബര്‍ 16-വിചാരണ പൂര്‍ത്തിയായി
2019 നവംബര്‍ 09- അയോധ്യാ വിധി