ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനുള്ള ഉത്രാടപാച്ചിലാണ് നാടും നഗരവും. ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ക്ക് നാളെ പരിസമാപ്തിയാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്ട്രോണിക്സ് കടകളിലുമാണ് തിരക്ക് കൂടുതല്‍. 


ഇന്ന് ഉത്രാടമായതിനാല്‍ തിരക്ക് ഒന്നുകൂടി കൂടും എന്ന കാര്യത്തില്‍ സംശയമില്ല. അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍. 'കാണം വിറ്റും ഓണം ഉണ്ണണം' എന്നാണല്ലോ ചൊല്ല്.


കഴിഞ്ഞ വര്‍ഷത്തെ ഓണം മലയാളികള്‍ക്ക് മഴവെള്ളപാച്ചില്‍ ആയിരുന്നു. 


പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കായി ഹോര്‍ട്ടികോര്‍പ്പിന്‍റെ ഓണച്ചന്തകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയും തിരക്കുകള്‍ ഏറുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇരുന്നൂറിലേറെ ഓണചന്തകളാണ് ഹോര്‍ട്ടികോര്‍പ്പ് ഒരുക്കിയിരിക്കുന്നത്. 


ഉപ്പേരി, ശര്‍ക്കര വരട്ടി, വാഴയില എന്നിവയ്ക്ക് നല്ല ചെലവുള്ള സമയവുമാണിന്ന്‍. സര്‍ക്കാര്‍ മേളകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇപ്പോള്‍ സദ്യ വീട്ടില്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഹോട്ടലുകളില്‍ അടിപൊളി റെഡിമെയ്ഡ് സദ്യ തയ്യാറാണ്. ഇവിടെയും നല്ല തിരക്കാണ്. 


ഓണത്തിന്‍റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും.


സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.


സാഹചര്യങ്ങള്‍ക്ക് എന്തൊക്കെ മാറ്റമുണ്ടായാലും മലയാളിയുടെ ഗൃഹാതുരമായ ഓണത്തിനും ഓണാഘോഷത്തിനും അല്‍പംപോലും പൊലിമ നഷ്ടപ്പെട്ടിട്ടില്ല. നാളെ തിരുവോണത്തെ വരവേല്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം.


ഏവര്‍ക്കും സീ ന്യൂസ്‌ ടീമിന്‍റെ ഓണാശംസകള്‍...