നയതന്ത്ര രംഗത്ത് ഏറ്റവും  പരീക്ഷിക്കപെടുന്ന കാലഘട്ടത്തിൽ കൂടിയാണ് രാജ്യം കടന്ന് പോകുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ യാത്രാ വിലക്കുകളും ലോക്ക് ഡൗണും ഒക്കെയാണ്. ഓരോ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ പരീക്ഷിക്കപെടുന്നതും ഇപ്പോഴാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനയിലെ വുഹാനിൽ നിന്ന് ലോക മാകെ പടർന്ന് പിടിച്ച കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചിട്ട് പോലും ലോകമാകെ പകരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്നതിലേക്ക് മറ്റെലാം മറന്ന് ലോക രാജ്യങ്ങൾ അണിനിരന്നു. 


ശീത സമരത്തിന് സമാനമായ അന്തരീക്ഷം സൃഷ്ട്ടിക്കപെടാതെ ലോകം ഒറ്റക്കെട്ടായി പോരാടുമ്പോൾ അതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിക്കുന്ന പങ്ക് ചെറുതല്ല. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമുള്ള ഇന്ത്യ കൃത്യമായി തന്നെയാണ് ഇടപെടലുകൾ നടത്തുന്നത്. 


ഇപ്പോഴും സർക്കാർ വിമർശിക്കപെടുന്നത് പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തിലാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവരെ തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം അതാത് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുകയാണ്. 


വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അന്താരാഷ്ട്ര തലത്തിലെ ഓരോ ചലനവും കൃത്യമായി നിരീക്ഷിക്കുകയും പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ അടക്കമുള്ള പ്രവാസികളെ തിരികെ എത്തിക്കണം എന്ന ആവശ്യത്തോട് പോലും സാധ്യമായ എല്ലാ സഹായവും നൽകുമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. 


ഗൾഫ് രാജ്യങ്ങളുമായി നിരന്തരം ആശയ വിനിമയം നടത്തുന്ന വിദേശകാര്യ മന്ത്രാലയം കുവൈറ്റിലേക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി റാപ്പിഡ് റെസ്പോൻസ് മെഡിക്കൽ സംഘത്തെ അയക്കുകയും ചെയ്തു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് എല്ലാ സഹായവും നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


എല്ലാ ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യയെ സംബന്ധിച്ചടുത്തോളം ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നത് ആ രാജ്യങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കാവുന്ന കാര്യമാണ്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യയുടെ സ്ഥാനപതിമാരുമായി നിരന്തര സമ്പർക്കത്തിലാണ്.


ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിച്ച് കൊണ്ട് എല്ലാ സ്ഥാനപതി കാര്യാലയങ്ങളും പ്രവാസികൾക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി  അമേരിക്ക, ഇസ്രയേൽ, ബ്രിട്ടൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായും സാർക്ക് , ജി 20 പോലുള്ള കൂട്ടായ്മകളുമായും ഗൾഫ് രാജ്യങ്ങളുമായും ഒക്കെ ഇതിനോടകം ആശയ വിനിമയം നടത്തിക്കഴിഞ്ഞു.


ഒന്നാം മോദി സർക്കാരിൽ സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രി എന്ന നിലയിൽ നടത്തിയ മികച്ച പ്രകടനം , അവർ നടത്തിയ ഇടപെടലുകൾ അതൊക്കെ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യക്ക് കരുത്തായി എന്ന് തന്നെ പറയണം. നയതന്ത ബന്ധങ്ങൾ, സഹായ മെത്തിക്കേണ്ട രാജ്യങ്ങൾക്ക് സഹായമെത്തിക്കൽ, അയൽ രാജ്യങ്ങൾക്കുള്ള കരുതൽ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക അങ്ങനെ നിരവധി വെല്ലുവിളികളാണ് വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലുള്ളത്.


ഇത് വരെ നടത്തിയ നയതന്ത്ര ഇടപെടലുകളേക്കാളൊക്കെ വെല്ലുവിളി നിറഞ്ഞതാകും പ്രവാസികളെ തിരികെ എത്തിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ. ഇത് മുൻകൂട്ടി കണ്ടുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.


ഒരോ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെടുന്ന വിദേശകാര്യ മന്ത്രാലയം കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സഹായമെത്തിക്കുന്നതോടൊപ്പം ആ രാജ്യങ്ങളിലെ ജനങ്ങൾക്കായുള്ള സഹായവും ഇന്ത്യ നൽകുന്നുണ്ട്. എല്ലാ നയതന്ത്ര ബന്ധങ്ങളും പരസ്പര സഹായത്തിന്റേത് കൂടിയാണെന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നൽകുന്നത്.