നിങ്ങൾ ഒരു ദിവസം എത്ര കാപ്പി കുടിക്കും? ഒന്നിലധികമാണെങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കും
കട്ടൻ കാപ്പിയുടെ അമിത ഉപയോഗം കാരണം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചോ പാർശ്വഫലങ്ങളെ കുറിച്ചോ അധികമാരും ചർച്ച ചെയ്യാറില്ല.
രാവിലെ ഒരു കപ്പ് കാപ്പിയിൽ ദിവസം ആരംഭിക്കുക എന്നത് ഒരുവിധം മലയാളികളുടെ ഒരു ശീലമാണ്. ജോലിയുടെ ലോകത്ത് നിന്ന് അൽപ്പ നേരം പുറത്തുകടക്കാൻ കാപ്പിയെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല. വളരെ വലിയ മീറ്റിംഗുകളിൽ പോലും കാപ്പി സജീവ സാന്നിധ്യമാണ്.
സാധാരണയായി പാൽ ഒഴിച്ച കാപ്പിയേക്കാൾ കടും കാപ്പി അഥവാ കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ആരോഗ്യത്തിന് കട്ടൻ കാപ്പി നല്ലതാണെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം ആളുകളും കട്ടൻ കാപ്പി കുടിക്കൽ ഒരു ശീലമാക്കിയതെന്ന് തന്നെ പറയാം. ശരിയാണ്, കട്ടൻ കാപ്പി ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ, അധികമായാൽ അമൃതും വിഷമാണെന്ന ചൊല്ല് മറന്നു പോകരുത്. കട്ടൻ കാപ്പിയെ അമിതമായി ആശ്രയിച്ചാൽ ചില പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ.
കട്ടൻ കാപ്പിയുടെ അമിത ഉപയോഗം കാരണം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചോ പാർശ്വഫലങ്ങളെ കുറിച്ചോ അധികമാരും ചർച്ച ചെയ്യാറില്ല. മിതമായ നിരക്കിൽ കട്ടൻ കാപ്പി കുടിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും അമിതമായ ഉപയോഗം ജീവിതശൈലിയെ തന്നെ പ്രതികൂലമായി ബാധിക്കും. കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന കഫീൻ എന്ന ഉത്തേജക പദാർത്ഥമാണ് വീണ്ടും വീണ്ടും കാപ്പി കുടിക്കാൻ പ്രേരിപ്പിക്കുന്നത്. കൂടുതൽ കാപ്പി കുടിക്കുന്നത് അമിതമായ അളവിൽ കഫീൻ ശരീരത്തിൽ എത്താൻ കാരണമാകുകയും ഇത് ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.
കട്ടൻ കാപ്പി കുടിക്കുന്നത് കാരണമുണ്ടാകുന്ന പ്രധാന പാർശ്വഫലങ്ങൾ
1. അമിതമായ കട്ടൻ കാപ്പിയുടെ ഉപയോഗം സമ്മർദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചേക്കാം: അമിതമായി കട്ടൻ കാപ്പി കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ നിന്ന് ഉയർന്ന അളവിലുള്ള സ്ട്രെസ് ഹോർമോണുകൾ റിലീസ് ചെയ്യപ്പെടുന്നു. ഇത് ഉത്കണ്ഠയിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കുന്നു. കഫീൻ ഉയർന്ന അളവിൽ ഉള്ളിലെത്തുന്നത് നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ കാരണമാകുന്നു.
2. നിങ്ങളുടെ ഉറക്കത്തെ ബാധിക്കും: അമിതമായ കാപ്പി കഴിക്കുന്നതിലൂടെ നിങ്ങളുടെ ഉറക്കം താറുമാറായേക്കാം. നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കണമെങ്കിൽ ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.
3. വയറിനെ ദോഷകരമായി ബാധിക്കും: കട്ടൻ കാപ്പിയിൽ കഫീനും ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്, അതിനാൽ അമിതമായ ഉപയോഗം നിങ്ങളുടെ വയറ്റിൽ അസിഡിറ്റിക്ക് കാരണമാകും. നിങ്ങൾക്ക് മലബന്ധം, വയറുവേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
4. ശരീരം ധാതുക്കളെ ആഗിരണം ചെയ്യുന്നത് തടയും : നിങ്ങളുടെ ജീവിതശൈലിയിൽ കാപ്പിയുടെ അമിതമായ ഉപയോഗം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് ഇരുമ്പ്, കാൽസ്യം, സിങ്ക് പോലുള്ള ധാതുക്കളെ ആഗിരണം ചെയ്യുന്നത് ശരീരത്തിന് ബുദ്ധിമുട്ടാക്കി മാറ്റിയേക്കാം.
ആരോഗ്യമുള്ള മിക്ക ആളുകളും അവരുടെ മൊത്തം കഫീൻ പ്രതിദിനം 400 മില്ലിഗ്രാമായി പരിമിതപ്പെടുത്തണം എന്നാണ് Healthline.com നിർദ്ദേശിക്കുന്നത്. ഇത് ഏകദേശം 4 കപ്പ് (960 മില്ലി) കാപ്പിക്ക് തുല്യമാണ്.