ന്യൂഡല്‍ഹി: എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. അവസാനം സത്യം പുറത്തുവരുമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം. ഇക്കാര്യത്തില്‍ ആംആദ്മി പാര്‍ട്ടിയെ സിപിഎം പിന്തുണച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ലമെന്‍ററി സെക്രട്ടറി പദവി വഹിച്ച 20 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തെര‌ഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി.  ശുപാര്‍ശ രാഷ്ട്രപതി  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. തീരുമാനം  ആഭ്യന്തരമന്ത്രാലയം അറിയിക്കും. തീരുമാനം എതിരായാൽ ആറ് മാസത്തിനകം 20 മണ്ഡലങ്ങൾ ഉപതെരഞ്ഞടുപ്പിലേക്ക് നീങ്ങും. 


വിഷയത്തിൽ  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല. അയോഗ്യത ശുപാര്‍ശ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഡല്‍ഹി ഹൈക്കോടതിയും തയ്യാറായില്ല.  ഈ സാഹചര്യത്തിലാണ് ആംആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സത്യസന്ധമായി മുന്നോട്ടുപോകുമ്പോഴും തടസ്സങ്ങളുണ്ടാകും. അദൃശ്യ ശക്തിയും ദൈവാധീനവും സാഹായത്തിനുണ്ടാകും.   സത്യം പുറത്തുവരുമെന്നതാണ് ചരിത്രസാക്ഷ്യമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശയെ ചോദ്യം ചെയ്ത് ആറ് എംഎൽഎമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ തിങ്കളാഴ്ച്ച ഡല്‍ഹി ഹൈക്കോടതി വാദം കേൾക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം. 


അയോഗ്യതാ ശുപാര്‍ശയിൽ ദു:ഖമുണ്ടെന്നും തന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ച് കെജ്‍രിവാൾ സ്വന്തം ഇഷ്ടപ്രകാരമാണ് എംഎൽഎമാര്‍ക്ക് ഇരട്ടപ്പദവി നൽകിയതെന്നും ഇടഞ്ഞ് നിൽക്കുന്ന ആംആദ്മി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു.