ലക്നൗ: ഉത്തര്‍പ്രദേശിലെ ചാര്‍ബാഗില്‍ രണ്ട് ഹോട്ടലുകളിലായി ഉണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയു ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ് എസ് ജെ ഇന്റര്‍നാഷണല്‍ ബാര്‍ ആന്‍ഡ് ഹോട്ടലും ഇതിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വിരാട് ഇന്റര്‍നാഷണല്‍ ഹോട്ടലിനുമാണ് തീപിടിച്ചത്. എസ്എസ്ജെ ഇന്റര്‍നാഷണല്‍ ബാര്‍ ആന്‍ഡ് ഹോട്ടലിന്‍റെ ബേസ്‌മെന്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് സൂചന. എന്നാല്‍, ഇതുവരെ അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.  മുകള്‍ നിലയിലേക്ക് പടര്‍ന്ന തീ അടുത്തുണ്ടായിരുന്ന വിരാട് ഇന്റര്‍നാഷണല്‍ ഹോട്ടലിലേക്ക് പടരുകയായിരുന്നു. 


തീയണയ്ക്കാന്‍ ആവശ്യമായ സൗകര്യം ഇരുഹോട്ടലുകളിലും ഉണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന്, ആറു മണിയോടെ വിവരമറിഞ്ഞ അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തുകയും രണ്ട് മണിക്കൂര്‍ കൊണ്ട് തീയണക്കുകയുമായിരുന്നു. 


അതേസമയം, തീപിടിക്കാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലുകളുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും വീഴ്ച കൊണ്ടാണ് തീപിടിത്തമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലക്നൗ ഐജിഎസ് പാണ്ഡേ പറഞ്ഞു.