അഹമ്മദാബാദ്: ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍ അഹമ്മദാബാദിലേയ്ക്ക് തിരിച്ചു.  ഇന്നുപുലര്‍ച്ചെ 4.45ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ ആണ്  എംഎല്‍എമാര്‍ അഹമ്മദാബാദ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിയത്.  കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരുന്നത്.  തുടര്‍ന്ന് അവരെ ഒരു സ്വകാര്യ ബസില്‍ കയറ്റി അഹമ്മദാബാദിലെ ഒരു റിസോര്‍ട്ടിലെത്തിച്ചു. ഇതിനിടയില്‍ യന്ത്രത്തകരാറു കാരണം ബസ് വഴിയില്‍ നിന്നുപോയത് എംഎല്‍എമാരില്‍ ആശങ്കയുണ്ടാക്കി. തുടര്‍ന്ന് പോലീസുകാര്‍ ചേര്‍ന്ന് തള്ളിയത്തിനുശേഷമാണ്‌ ബസ്  സ്റ്റാര്‍ട്ട് ചെയ്ത്. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം നിരവധി പോലീസുകാരും 95 സായുധ സേനാംഗങ്ങളും എംഎല്‍എമാരെ റിസോട്ടിലെത്തിക്കുന്നതിന് അകമ്പടിയായി പോയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് എം.എല്‍.എ.മാര്‍ ഗുജറാത്തിലേയ്ക്ക് മടങ്ങിയത്. എം.എല്‍.എ.മാര്‍ കഴിഞ്ഞദിവസം കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തുകയും വിധാന്‍സൗധ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 


കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് കൂറുമാറുമെന്നു ഭയന്ന് ഗുജറാത്തിലെ 44 എം.എല്‍.എ.മാരെയാണ് ജൂലായ് 29-ന് ബെംഗളൂരുവിനടുത്ത റിസോര്‍ട്ടിലേക്കു മാറ്റിയത്.  ഇവര്‍ കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്‍റെ സംരക്ഷണത്തിലായിരുന്നു.