ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുതിയ യുവനിരയെ സജ്ജമാക്കി ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ. സംഘടനയിലെ നേതൃനിരയെ കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണമായും ഉന്മൂലനം ചെയ്തതിന് പിന്നാലെയാണ് പുതുനിര ഭീകരരുമായി ലഷ്കര്‍-ഇ-തൊയ്ബ കശ്മീരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചുപേരടങ്ങുന്ന യുവസംഘത്തിനാണ് കശ്മീരിന്‍റെ ചുമതലയെന്നാണ് വിവരം. അബു മുസ്ലിം, ഹുബൈബ്, ഖാലിദ്, അബു ഹംസ, ഹൈദര്‍ എന്നിവര്‍ വടക്കന്‍ കശ്മീരിലെ ബന്ദിപൂര ജില്ലയിലെ ഹജിന്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  കഴിഞ്ഞ ദിവസം ഈ മേഖലയിലുണ്ടായ ആക്രമണത്തിന് പിന്നിലും ഈ സംഘമെന്നാണ് വിവരം. യുവാവിനെ തട്ടിക്കൊണ്ടു പോയി തലയറുത്തതടക്കം അതിക്രൂരമായ പ്രവര്‍ത്തനങ്ങളാണ് ഈ സംഘം നടത്തുന്നത്. വീട്ടില്‍ക്കയറി വെടിയുതിര്‍ക്കുകയും സ്ത്രീകളടക്കമുള്ളവരെ കുത്തിപ്പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. 


ഹജിന്‍ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന് മുന്‍പ് കുപ്വാര, ബാരാമുള്ള എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഭീകരപ്രവര്‍ത്തനം നടന്നിരുന്നത്. കശ്മീരില്‍ 250ഓളം ഭീകരരാണ് സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുന്നത്. ഇവരില്‍ 110 പേര്‍ വിദേശികളാണ്. ബാക്കിയുള്ളവര്‍ തദ്ദേശീയരായ യുവാക്കളാണ്. കഴിഞ്ഞ വര്‍ഷം 208 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കനുസരിച്ച് 45 ഭീകരരാണ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 


ലഭ്യമായ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം 126 കശ്മീരി യുവാക്കള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.