ന്യൂഡല്‍ഹി: കാമുകിമാരുടെ ആഡംബരജീവിതത്തിന് കക്കാന്‍ പോകുന്നവര്‍ കാണുമായിരിക്കും എന്നാല്‍ ഈ 63 മത്തെ വയസ്സില്‍ കാമുകിമാര്‍ക്ക് വേണ്ടി മോഷ്ട്ടിക്കാന്‍ പോകുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അങ്ങനെയൊരാളെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

63 കാരനായ ഡല്‍ഹി സ്വദേശി ബന്ധുറാമിനെയാണ് കാമുകിമാരുടെ ആഡംബരജീവിതത്തിന് വേണ്ടി ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ലാപ്‌ടോപുകളും, എല്‍.ഇ.ഡി ടിവിയും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 


ആനന്ദ് പര്‍ബാത്തിലെ ചേരിയില്‍ താമസിച്ചിരുന്ന അവിവാഹിതനായ ബന്ധുറാം 20 വര്‍ഷത്തിനിടെ നിരവധി മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 63കാരനായ ഇയാള്‍ക്ക് കാമുകിമാര്‍ ഒന്നും രണ്ടുമോന്നുമല്ല അഞ്ചെണ്ണമാണ്. ഇവര്‍ക്ക് സമ്മാനമായി നല്‍കാനും ആഡംബരജീവിതം നയിക്കാനുമാണ് ബന്ധുറാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ചിരുന്നത്. 


കുടുംബത്തില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന ഇയാളുടെ പണി എന്നു പറയുന്നത് മോഷണം ആയിരുന്നു. ഇതിനിടെയാണ് 28നും 40നും ഇടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. മോഷ്ടിക്കുന്നതില്‍ ഭൂരിഭാഗവും ഇവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു പതിവ്. 


എന്നാല്‍ ബന്ധുറാം സമ്മാനിച്ചത് മോഷണവസ്തുക്കളായിരുന്നു എന്നത് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു കാമുകിമാരുടെ പ്രതികരണം. മാത്രമല്ല ബന്ധുറാമിന് അഞ്ചു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് കാമുകിമാര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാലും, തലമുടി കറുപ്പിക്കുന്നതിനാലും ബന്ധുറാമിന്‍റെ യഥാര്‍ഥ പ്രായവും ഇവര്‍ക്ക് മനസിലായില്ല. 


കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് രണ്ട് ലാപ്‌ടോപുകളും ടിവിയും 60000 രൂപയുമാണ് ബന്ധുറാം കവര്‍ച്ച ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഫാക്ടറിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് പര്‍ബാത്തില്‍ നിന്ന് ബന്ധുറാമിനെ അറസ്റ്റ് ചെയ്തത്. സമീപപ്രദേശങ്ങളില്‍ അടുത്തിടെ നടന്ന മറ്റുചില മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്നും പോലീസ് വ്യക്തമാക്കി.