കൊല്‍ക്കത്ത: വിവാദ പ്രസ്താവനകള്‍കൊണ്ട് മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് പശ്ചിമ ബംഗാല്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന ഘോഷിന്‍റെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്‍റെ അടുത്ത പ്രസ്താവന പുറത്തു വരുന്നത്. ഇത്തവണ അദേഹം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത് CAA അടിസ്ഥാനമാക്കിയാണ്.  


പശ്ചിമ ബംഗാളില്‍ 70 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നാണ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടത്. കൂടാതെ, അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പായി ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 


'രാജ്യത്താകമാനം 3 കോടി നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ട്. അവരില്‍ ഒരു കോടിയോളം പശ്ചിമ ബംഗാളിലാണ് ഉള്ളത്.
അവരില്‍ തന്നെ 70 ലക്ഷം ആളുകള്‍ക്ക് വോട്ടവകാശമുണ്ട്‌. അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പായി ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യു൦', ദിലീപ് ഘോഷ് പറഞ്ഞു.


കൂടാതെ, വോട്ടവകാശമുള്ള 70 ലക്ഷം നുഴഞ്ഞുകയറ്റക്കാരില്‍ 50 ലക്ഷം പേരും തൃണമൂല്‍ കോണ്‍ഗ്രസിനാണ് വോട്ട് നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


സംസ്ഥനത്ത് ബിജെപിയ്ക്ക് ജനസമ്മിതി വര്‍ധിച്ചതായും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകള്‍ നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലെ തൂഫാന്‍ ഗന്‍ജില്‍ ജനസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.


ജനസഭയ്ക്ക് മുന്‍പ് CAAയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പദയാത്ര നടത്തിയിരുന്നു. ഈ പദയാത്രയില്‍ വന്‍ ജനാവലിയായിരുന്നു പങ്കെടുത്തത്. ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന ജനസഭ ദിലീപ് ഘോഷ് വൈകിയെത്തിയതുമൂലം വൈകുന്നേരമാണ് നടന്നത്. എങ്കിലും റാലിയില്‍ കണ്ട ജനപങ്കാളിത്ത൦ പശ്ചിമ ബംഗാളിൽ വര്‍ദ്ധിച്ചുവരുന്ന ജന സംമിതിയെയാണ് സൂചിപ്പിക്കുന്നത്.