ന്യൂഡല്‍ഹി: സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യത മൗലികാവകാശമാണോയെന്ന കേസില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്‍റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് ഈ നിരീക്ഷണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ഭരണഘടനാ വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് തീരുമാനം എടുത്തശേഷം ആധാറിന്‍റെ സാധുത അഞ്ചംഗ ബെഞ്ച് പരിശോധിക്കും.


ആധാറുമായി ബന്ധപ്പെട്ട സുപ്രധാന നിയമ വിഷയത്തില്‍ സുപ്രിംകോടതിയില്‍ വാദം തുടരുകയാണ്. ആധാറിന്‍റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നത്.


ബെഞ്ചിന് മുമ്പാകെ ഹരജിക്കാര്‍ക്കുവേണ്ടി വാദം തുടങ്ങിയ ഗോപാല്‍ സുബ്രഹ്മണ്യം സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാരിന്‍റെ ആനുകൂല്യമല്ലെന്ന് വ്യക്തമാക്കി. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്‍റെ പ്രധാന ഘടകമാണിത്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികള്‍ സ്വകാര്യതയെയും ഇല്ലാതാക്കുമെന്നും അദ്ദേഹം വാദിച്ചു.


എന്നാല്‍, സ്വകാര്യത ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളില്‍ ഉള്‍പെടുന്നില്ലെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു