ന്യൂഡല്‍ഹി: റിസർവ്​ ബാങ്ക്​ മുൻ ഗവർണറും സാമ്പത്തിക വിദഗ്​ധനുമായ രഘുറാം രാജന്​ ആം ആദ്​മി പാർട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍  ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നിലേയ്ക്കാണ് രഘുറാം രാജനെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് സീറ്റുകളിലേയ്ക്കും പാര്‍ട്ടിയുമായി നിലവില്‍ ബന്ധമില്ലാത്തവരെയാണ് അരവിന്ദ് കേജ്‍രിവാള്‍ പരിഗണിക്കുന്നതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. രഘുറാം രാജ​നെ പോലുള്ളവരെയാണ്​ രാജ്യസഭയി​ലേയ്ക്കയയ്ക്കാന്‍ പാർട്ടി താൽപര്യപ്പെടുന്നതെന്നും അതുസംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കയാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 


 മോദി സര്‍ക്കാരിന്‍റെ വിപ്ലവ തീരുമാനമായ നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച രഘുറാം രാജന്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി സേവനം ചെയ്യുകയാണ്. 


2015 ലെ വന്‍ വിജയത്തിന് ശേഷം ഭരണത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളികളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ നേരിടേണ്ടി വന്നത്. പാർട്ടിയിലെ മുതിർന്ന നേതാവ്​ കുമാർ വിശ്വാസ്​ തനിക്ക്​ രാജ്യസഭാംഗമാകാൻ താൽപര്യമുണ്ടായിരുന്നുവെന്ന്​ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആം ആദ്​മി പാർട്ടി, ആർ.എസ്​.എസ്​ ഏജൻറായി പ്രവർത്തിക്കുകയാണെന്ന്​ ആരോപിച്ച ​ ഇദ്ദേഹം, പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടു നിൽക്കുകയാണ്.


എന്നാല്‍ രഘുറാം രാജന്‍ ആം ആദ്മിയുടെ വാഗ്ദാനത്തോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.