നോയിഡ, ഉത്തര്‍ പ്രദേശ്‌: നോയിഡ ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുറിനെയും വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദമ്പതികളുടെ ഏകമകളായ ആരുഷിയുടെയും വീട്ടുജോലിക്കാരനായിരുന്ന ഹേംരാജിന്‍റെയും കൊലക്കേസിലാണ് അലഹബാദ് ഹൈക്കോടതി ദമ്പതികളെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ കുറ്റവിമുക്തരാക്കിയത്. ഇരുവരെയും ശിക്ഷിച്ച പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ദമ്പതികള്‍ക്കെതിരായുള്ള ആരോപണം സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നായിരുന്നു കോടതി വിലയിരുത്തിയത്. 


കൊലപാതക കേസില്‍ രാജേഷ് തല്‍വാറിനും ഭാര്യയ്ക്കും ജീവപര്യന്തം തടവാണു പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയും സംശയത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഇരുവരെയും വെറുതെ വിടുകയുമാണ് ഉണ്ടായത്. 


അലഹബാദ് ഹൈക്കോടതിയുടെ വിധി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല. തെറ്റായ ഒട്ടേറെ കാര്യങ്ങളുടെ അടിസ്ഥാനത്തിനാണ് ദമ്പതികള്‍ക്കെതിരെ തെളിവില്ലെന്നു കോടതി വിധിച്ചതെന്നും സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. കൊലപാതകത്തിനു പിന്നില്‍ തല്‍വാര്‍ ദമ്പതികള്‍ തന്നെയാണെന്നു സിബിഐ പറഞ്ഞു. അതുകൂടാതെ ദമ്പതികളെ വിട്ടയച്ചതിനെതിരെ ഹേംരാജിന്‍റെ ഭാര്യയും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


2008 മേയ് 16ന് ആണ് തല്‍വാര്‍ ദമ്പതികളുടെ ആരുഷിയെ (15) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്‍റെ ടെറസില്‍ വീട്ടുജോലിക്കാരനായ ഹേംരാജിന്‍റെ മൃതദേഹവും കണ്ടെത്തിയിരുന്നു.