ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ അല്പസമയത്തിനകം വാഗാ അതിര്‍ത്തിയിലെത്തിച്ചേരും!! 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹം ലാഹോറില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ലാഹോറില്‍ എത്തിച്ചേര്‍ന്നത്‌. അഭിനന്ദന്‍ വര്‍ത്തമാനെ റെഡ്ക്രോസിനാണ് പാക്കിസ്ഥാന്‍ കൈമാറുക. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ പരിശോധന നടക്കും. റെഡ്ക്രോസാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുക.


തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്‍റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന ഗ്രൂപ്പ് കമാന്‍ഡര്‍ ജെ.ഡി കുര്യന്‍ അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന സംഘം അട്ടാരിയിലെത്തി.


അതേസമയം, വിംഗ് കാമാന്‍ഡറുടെ തിരിച്ചുവരവില്‍ രാജ്യം ഉത്സാഹത്തിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംഗ് കാമാന്‍ഡറെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്നത്. മുംബൈയിൽ നിന്നും ജമ്മുവിൽ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന തന്ത്ര പ്രധാന മേഖലയിൽ വച്ചാണ് കൈമാറ്റ ചടങ്ങ്.


വിംഗ് കാമാന്‍ഡറെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളും എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലേയ്ക്കുള്ള  യാത്രാമധ്യേ വിംഗ് കാമാന്‍ഡറുടെ മാതാപിതാക്കളായ സിംഹക്കുട്ടി വര്‍ത്തമാന്‍, അമ്മ ഡോ. ശോഭ എന്നിവര്‍ക്ക് സഹയാത്രികര്‍ അനുമോദനം അര്‍പ്പിച്ചിരുന്നു.  


അതേസമയം, വാഗാ അതിര്‍ത്തിയില്‍ ഇന്ന് സന്ദര്‍ശകരെ അനുവദിക്കില്ല. കൂടാതെ, പതിവായി നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ഇന്നുണ്ടാവില്ല.