ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിൽ നിന്ന്​ കാണാതായ ഇന്ത്യൻ വ്യോമസേന യാത്രാ വിമാനത്തെ കുറിച്ച് എന്തെങ്കിലും വിവര൦ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികമായി എയര്‍ മാര്‍ഷല്‍ ആര്‍.ഡി മാത്തൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 03783222164, 9436499477, 9402077267, 9402132477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനാണ് നിര്‍ദേശം. 


വിമാനം കണ്ടെത്താനായി വ്യോമസേന വലിയ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിവരമൊന്നും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ്‌ നീക്കം.


അസമിലെ ജോർഹട്ടിൽ നിന്ന് മെയ്‌ മൂന്നാം തീയതി ഉച്ചക്ക് 12.25ന് പറന്നുയർന്ന വ്യോമസേനയുടെ എ എൻ 32 വിമാനമാണ് കാണാതായത്. ഏഴ്​ വ്യോമസേന ഓഫീസർമാരും ആറ്​ ജവാൻമാരുമടക്കം 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്​. 


അരുണാചലിലെ അതിർത്തി പ്രദേശമായ മചുകയിലെ ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചത് ഒരു മണിക്കായിരുന്നു. 


അതേസമയം, വിമാനം കണ്ടെത്താനായി തങ്ങള്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനായി കരസേനയുടെയും മറ്റ് ദേശീയ ഏജന്‍സികളുടെയും സഹായം വ്യോമസേന നേടിയിട്ടുണ്ട്.


കര വ്യോമ സേനകള്‍ക്ക് പുറമെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും സംസ്ഥാന പോലീസും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്.  വ്യോമസേനയുടെ യുദ്ധ വിമാനങ്ങളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്‌.


അരുണാചല്‍ പ്രദേശിലെ വനമേഖലകളിലെ തിരച്ചില്‍ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രദേശങ്ങളിലെ ശക്തമായ മഴയും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.