ലക്നൗ: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ഒടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിച്ച ബോളിവുഡ് താരം അജയ് ദേവ്ഗണിന്‍റെ തീയേറ്ററിന് നേരെ കര്‍ണിസേനയുടെ ആക്രമണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം പ്രദര്‍ശിപ്പിച്ച എല്ലാ തീയേറ്ററുകള്‍ക്ക് നേരെയും രാജ്യ വ്യാപക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ദേവ്ഗണിന്‍റെ തീയേറ്ററിന് നേരെയുള്ള ആക്രമണവും. അഡ്വാന്‍സ് ബുക്കിംഗിന് വേണ്ടി തുറന്ന സമയത്താണ് തീയേറ്ററിന് നേരെ പ്രതിഷേധക്കാര്‍ എത്തി ആക്രമണം നടത്തിയത്.


കര്‍ണി സേനയുടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ടിക്കറ്റ് കൗണ്ടര്‍ അടിച്ച്‌ തകര്‍ക്കുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്ററുടമകളെ കാണണമെന്ന് കര്‍ണി സേനക്കാര്‍ ഭീഷണി മുഴക്കിയെന്ന് തിയേറ്റര്‍ മാനേജര്‍ പറഞ്ഞു. 


ചിത്രം തിയേറ്ററിലെത്തിയാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന രജ്പുത് വിഭാഗക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വന്‍ സുരക്ഷാ സംവിധാനം മിക്ക തിയേറ്ററിലും ഏര്‍പ്പെടുത്തിയിരുന്നു. 


എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറായില്ല. ഈയിടെയാണ് അജയ് ഉത്തര്‍പ്രദേശില്‍ നാല് തിയേറ്ററുകള്‍ തുടങ്ങിയത്. അതിലൊന്നാണ് പദ്മാവത് പ്രക്ഷോഭക്കാര്‍ അടിച്ചു തകര്‍ത്തത്.