ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബിജെപി-പിഡിപി സഖ്യം തകര്‍ന്നതിന് ശേഷം ആദ്യമായി പ്രതികരണവുമായി മെഹബൂബ മുഫ്തി രംഗത്ത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഖ്യം തകര്‍ന്നിട്ടും ദിവസങ്ങളോളം നിശബ്ദത പാലിച്ച മെഹ്ബൂബ, ബിജെപിയുടെ വാദങ്ങള്‍ക്ക് ഓരോന്നോരോന്നായി മറുപടി നല്‍കിയിരിക്കുകയാണ്. ഇത്രയു൦ ദിവസം സഖ്യവുമായി ബന്ധപ്പെട്ട് ബിജെപി, പിഡിപിയെ ആകമിക്കുകയായിരുന്നു. ഇതിനെല്ലാം മറുപടി അവര്‍ ട്വീറ്ററില്‍ നല്‍കിയിരിക്കുകയാണ്.  


തനിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. സഖ്യ സര്‍ക്കാര്‍ ആണ് നിലവിലുള്ളത് എന്ന ബോധ്യത്തില്‍ തന്നെയായിരുന്നു അവസാന ദിവസം വരെ പിഡിപി. 


വകുപ്പ്‌ 370, പാകിസ്ഥാനുമായും ഹു​റി​യ​ത് നേതാക്കളുമായുള്ള ചര്‍ച്ച, കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കല്‍ തുടങ്ങിയവ സഖ്യം രൂപീകരിക്കുന്നതിന് മുന്‍പ് തന്നെ ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നതായി മെഹബൂബ പറഞ്ഞു.  



ജമ്മുവും ലഡാക്കുമായി സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം പാലിച്ചിരുന്നെന്ന ആരോപണവും അവര്‍ നിഷേധിച്ചു. കശ്മീര്‍ വളരെ കാലമായി അശാന്തമാണ്‌ എന്ന കാര്യം സത്യം തന്നെ. കൂടാതെ 2014 ല്‍ ഉണ്ടായ വെള്ളപ്പൊക്കം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. അതിനാല്‍ കശ്മീരിന് കൂടുതല്‍ പരിഗണന നല്‍കേണ്ടതി വന്നു. ഇതിനര്‍ത്ഥം മറ്റു പ്രദേശങ്ങളെ അവഗണിച്ചു എന്നല്ല എന്നും മെഹബൂബ പറഞ്ഞു.



അതുകൂടാതെ സഖ്യം തകര്‍ന്നപ്പോള്‍ ബിജെപി നേതാക്കള്‍ ആരോപണവുമായി എത്തി. ഈ ആരോപണങ്ങള്‍ സഖ്യത്തിലായിരിക്കെ ബി.ജെ.പി മന്ത്രിമാര്‍ എന്തുകൊണ്ടാണ് പറയാതിരുന്നതെന്നും മെഹബൂബ ചോദിച്ചു. തങ്ങള്‍ക്കെതിരെ നിരവധി തെറ്റായ ആരോപണങ്ങളുമായി ബി.ജെ.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.



സഖ്യം പിരിഞ്ഞതിന് ശേഷ൦ ശനിയാഴ്ച കശ്മീരില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റാലിയിലായിരുന്നു പിഡിപിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെയും പി.ഡി.പിയുടെയും രണ്ട് കുടുംബങ്ങളുടെ മൂന്നു തലമുറകള്‍ സംസ്ഥാനം ഭരിച്ചിട്ടും പഷ്മിനക്കും പാംപോറിനും വികസനത്തിനായി ഒന്നും നല്‍കിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരു പാര്‍ട്ടികളും കാശ്മീരിലെ ജനങ്ങളുടെ സ്വത്ത് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജമ്മുവിലെ റാലിയില്‍ അമിത് ഷാ ആരോപിച്ചു.