പൗരത്വ നിയമ വിഷയത്തില്‍ പ്രസ്താവന യുദ്ധം തന്നെ നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒരുമിച്ചുള്ള വിരുന്ന് സത്കാര ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ബിഹാര്‍ മുഖ്യമന്ത്രി നതീഷ് കുമാറും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ഇവര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്തു. വിരുന്നുണ്ണുന്ന നേതാക്കളുടെ ചിത്രം ഉപാധ്യക്ഷന്‍ നവീന്‍ പട്നായിക്ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.


അമിത് ഷായുടെ അധ്യക്ഷതയില്‍ ഭുവനേശ്വറില്‍ വച്ചു  നടന്ന 24-ാമത് ഈസ്റ്റേണ്‍ സോണ്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍. 



റെയില്‍വേ പ്രൊജക്ടുകള്‍, ഉള്‍പ്രദേശങ്ങളിലെ വാര്‍ത്താവിനിമിയ-ബാങ്ക് സൗകര്യങ്ങള്‍, പ്രട്രോളിയം പ്രൊജക്ടുകള്‍, കല്‍ക്കരി ഖനികള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തത്. 


അതേസമയം, ഡല്‍ഹി കലാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തോട് മമത പ്രതികരിച്ചില്ല.


രാഷ്ട്രീയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ആദ്യം ദില്ലിയിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെയെന്നും മമത പറഞ്ഞു. വിരുന്നില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്  മറുപടി പറയുകയായിരുന്നു മമത. 


പൗരത്വ നിയമ വിഷയത്തില്‍ ഏതാനും മാസങ്ങളായി അമിത് ഷായും മമതയും തമ്മില്‍ പ്രസ്താവന യുദ്ധം തന്നെ നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എത്ര എതിര്‍ത്താലും ബിജെപി എന്‍ആര്‍സി നടപ്പാക്കുമെന്ന് കൊല്‍ക്കത്തയില്‍ പോയി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 


പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കുക വരെ ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ ഒഡീഷയിലെത്തിയത്.