അമരാവതി: ആന്ധ്രാപ്രദേശില്‍ ടി.ഡി.പിക്ക് വമ്പന്‍ തിരിച്ചടി നല്‍കി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചന്ദ്രബാബു നായിഡുവിനെ തുടച്ച് നീക്കി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയിരിക്കുന്നത്. 


സംസ്ഥാനത്ത് ആകെയുള്ള 25 ലോക്‌സഭാ മണ്ഡലങ്ങളിലെ 24ഇടത്തും വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു ലോക്‌സഭാ സീറ്റുപോലും വിജയിക്കാന്‍ ടി.ഡി.പിക്ക് കഴിഞ്ഞില്ല. 


അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലും കഥ വ്യത്യസ്തമല്ല. ആകെ 175 മണ്ഡലങ്ങളുള്ള നിയമസഭയിൽ 145 മണ്ഡലങ്ങളില്‍  വൈ.എസ്ആർ മുന്നേറുകയാണ്. 88 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 


എന്നാല്‍, ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമുറപ്പിച്ചു കഴിഞ്ഞെന്നും മെയ് 25ന് പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.


സംസ്ഥാന വിഭജനത്തിന് ശേഷം ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ടി.ഡി.പിയ്ക്ക് ഒരു ലോകസഭാ സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല എന്നത് ആശ്ചര്യകരമാണ്. കൂടാതെ നിയമസഭയില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ടി.ഡി.പിയ്ക്ക് വെറും 26 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടതായും വന്നിരിക്കുകയാണ്. 


46കാരനായ ജഗന്‍ മോഹന്‍ റെഡ്ഡി സംസ്ഥാനത്തെ ഏറ്റവും പ്രശസ്തനായ മുഖ്യമന്ത്രി വൈ എസ് ആര്‍ റെഡ്ഡിയുടെ മകനാണ്. 2009ല്‍ വിമാനാപകടത്തിലാണ് വൈ എസ് ആറിന്‍റെ മരണം സംഭവിക്കുന്നത്‌. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2011ലാണ് ജഗന്‍ മോഹന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം  വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നെടുന്ന തിളക്കമാര്‍ന്ന വിജയമാണ് ഇത്.