ന്യൂഡൽഹി: ഈദ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തികുറിച്ചതിനൊപ്പം ജമ്മു കാശ്മീരിലെ വെടിനിർത്തൽ പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. റംസാന്‍ മാസത്തിന് മുന്നോടിയായി മേയ് 17 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന വെടിനിർത്തല്‍ നീട്ടേണ്ടെന്നാണ് കേന്ദ്ര തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ യോഗ തീരുമാനം രാജ്നാഥ് സിങ് വ്യക്തമാക്കിയത്.


വെടിനിർത്തൽ തീരുമാനം പിൻവലിക്കുന്നതാവും ഉചിതമെന്ന് ദേശീയ സുരക്ഷാ ഏജൻസികളും ബിജെപിയും നിലപാട് എടുത്തിരുന്നു. 


ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ റംസാന്‍ ആചരിക്കുന്നതിനുവേണ്ടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനു രാജ്യം മുഴുവനും മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു. എന്നാൽ ഭീകരർ സാധാരണക്കാരുടെയും സുരക്ഷാസേനയുടെയും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പലരും കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വെടിനിർത്തൽ പിൻവലിച്ച സാഹചര്യത്തിൽ ഭീകരരെ തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോഗിക്കാന്‍ സുരക്ഷാസേനയ്ക്ക് അധികാരം നൽകുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.