അഹമ്മദാബാദ്: സംസ്ഥാനത്ത് അസ്സംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഗുജറാത്തിലെ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മേഹ്‌സന ജില്ലയിലെ വീസനഗര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2016ല്‍ ബിജെപി എംഎല്‍എ റിഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. ഹര്‍ദിക് പട്ടേലിനു പുറമേ ചില പട്ടിദാര്‍ നേതാക്കള്‍ക്കും ലാല്‍ജി പട്ടേലിനുമെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 


2016ല്‍ വീസനഗറില്‍വച്ച് റിഷികേശിന്‍റെ കാറിനുനേരെ കല്ലെറിഞ്ഞതാണ് കേസിനാസ്പദമായ സംഭവം. 2015 ജൂലൈയില്‍ എംഎല്‍എയുടെ വീസനഗറിലുള്ള ഓഫീസുകള്‍ക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു. 


പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നടത്തിയ പ്രക്ഷോഭങ്ങളിലാണ് എംഎല്‍എയ്ക്കു നേരെ ആക്രമണം ഉണ്ടായത്.


സംസ്ഥാനത്ത് അസ്സംബ്ലി തെരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നീക്കം പല രാഷ്ട്രീയ ചരടുവലികള്‍ക്കും വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.